ആർ.എസ്.എസിനെ വലിച്ചിഴക്കുന്നതിൽ ഗൂഢലക്ഷ്യം; പൂരംകലക്കിയത് ആർ.എസ്.എസെന്ന് തെളിയിക്കാൻ വെല്ലുവിളിച്ച് കുമ്മനം

Update: 2024-10-12 07:00 GMT

തൃശൂർ പൂരംകലക്കിയത് ആർ.എസ്.എസ് ആണോയെന്ന് തെളിയിക്കാൻ മന്ത്രി കെ.രാജനെ വെല്ലുവിളിച്ച് ബി.ജെ.പി കേന്ദ്ര നിർവാഹക സമിതി അംഗവും മിസോറം മുൻ ഗവർണറുമായ കുമ്മനം രാജശേഖരൻ. പൂരംകലക്കലിൽ തൃശൂരുണ്ടായിരുന്ന മൂന്ന് മന്ത്രിമാർക്കാണ് ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു. 'പൂരം കലക്കിയത് ആർ.എസ്.എസാണ് എന്നതിന് എന്ത് തെളിവാണ് കൈവശമുള്ളത്? മൂന്ന് മന്ത്രിമാർ സ്ഥലത്തുണ്ടായിരിക്കെ എന്തുകൊണ്ട് പൂരം കലങ്ങുന്ന അവസ്ഥ ഒഴിവാക്കാനായില്ലെന്ന ചോദ്യത്തിൽ നിന്നൊഴിഞ്ഞുമാറാൻ അവർക്ക് കഴിയുമോ? മറുപടി പറയാൻ ആർ.എസ്.എസിൻറെ ആരും നിയമസഭയിൽ ഇല്ലാതിരിക്കെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഭരണപക്ഷവും ആർ.എസ്.എസിനെ നിരന്തരം സഭയിലേക്ക് വലിച്ചിഴക്കുന്നതിന് ഗൂഢലക്ഷ്യങ്ങളാണുള്ളത്' -ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കൂടിയായ കുമ്മനം ആരോപിച്ചു.

'ജനങ്ങൾ അഭിമുഖീകരിക്കുന്ന സുപ്രധാനജീവൽ പ്രശ്നങ്ങളിൽ നിന്നും പൊതു ശ്രദ്ധ തിരിച്ചു വിടുന്നതിനാണ് അപ്രസക്തമായ വിഷയങ്ങളിന്മേൽ എൽ.ഡി.എഫും യു.ഡി.എഫും നിയമസഭയിൽ പരസ്പരാരോപണങ്ങൾ ഉന്നയിക്കുന്നത്. നാടിന്റെ സുരക്ഷയെ ബാധിക്കുന്ന ദേശദ്രോഹ പ്രവർത്തനങ്ങളെ കുറിച്ച് സഭയിൽ ചർച്ച ചെയ്യാൻ ഇരുമുന്നണി അംഗങ്ങൾക്കും താല്പര്യമില്ല. മറിച്ച് സഭയിൽ ഇല്ലാത്ത ആർ.എസ്.എസിനെക്കുറിച്ചാണ് ചൂടുപിടിച്ച ചർച്ച. ദിവസവും ആരോപണങ്ങളും വിമർശനങ്ങളും ഉയർത്തി ആർ.എസ്.എസിനെ പ്രതികൂട്ടിൽ നിർത്തി വിചാരണ ചെയ്യുന്നത് സ്വന്തം തെറ്റുകൾ മറച്ചു പിടിക്കാനാണ്. തൃശൂർ പൂരം കലക്കിയത് ആർ.എസ്.എസ് ആണെന്ന് സഭയിൽ പറയുന്ന റവന്യൂ മന്ത്രിയും പ്രതിപക്ഷ നേതാവും തെളിവുകൾ അന്വേഷണ സംഘത്തിന് മുമ്പാകെ നൽകുകയാണ് വേണ്ടത്' -അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പരസ്യമായി ദേശദ്രോഹപ്രവർത്തനങ്ങളെക്കുറിച്ച് പറഞ്ഞത് നാളിതു വരെ പിൻവലിച്ചിട്ടില്ല. ജലീലിനെപ്പോലുള്ള എം.എൽ.എമാർ സഭക്ക് പുറത്ത് സ്വർണ്ണക്കടത്തുകാരെക്കുറിച്ച് പറയുന്നു. പക്ഷേ ആ വക വിഷയങ്ങളൊന്നും സഭയിൽ ഉന്നയിക്കുന്നില്ല. വളരെ ഗൗരവമേറിയ ഈ വിഷയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചു വിടാനാണ് ഇരു മുന്നണികളും ആർ.എസ്.എസിന്റെ നെഞ്ചത്തേക്ക് അസ്ത്രങ്ങൾ പായിക്കുന്നത്. ഈ ഒത്തുകളി രാഷ്ട്രീയം കേരള ജനത തിരിച്ചറിയുക തന്നെ ചെയ്യും. ജമ്മു കാശ്മീരിൽ തരിഗാമി എന്ന സി.പി.എം സ്ഥാനാർഥിയെ ജയിപ്പിച്ചത് കോൺഗ്രസുകാരാണ്. ആ വാർത്ത പുറത്തുവരുന്ന സമയത്ത് കേരള നിയമസഭയിൽ ബി.ജെ.പി- സി.പി.എം കൂട്ടുകെട്ടിനെപ്പറ്റി പ്രതിപക്ഷ നേതാവ് പറയുന്നതിൽ എന്ത് സത്യസന്ധതയാണുള്ളത്? സി.പി.എമ്മിനെ ദേശീയ തലത്തിൽ വളർത്തി എടുക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് വഞ്ചനാപരമായ നിലപാടാണ് കേരളത്തിൽ സ്വീകരിച്ചിട്ടുള്ളത് - കുമ്മനം രാജശേഖരൻ പറഞ്ഞു.

Tags:    

Similar News