കെഎസ്ആർടിസിയുടെ 22 ഡ്രൈവിങ് സ്‌കൂളുകൾ ഈ മാസം ആരംഭിക്കും, അടിസ്ഥാന സൗകര്യങ്ങളൊരുക്കി ലൈസൻസ് നേടാൻ അടിയന്തര നിർദേശം

Update: 2024-03-15 15:21 GMT

കെഎസ്ആർടിസിയുടെ ഡ്രൈവിങ് സ്‌കൂളുകൾ ആരംഭിക്കുന്നതിന് മുൻപ് അടിസ്ഥാന സൗകര്യങ്ങളൊരുക്കി മോട്ടോർവാഹന വകുപ്പിൽ നിന്ന് ഡ്രൈവിങ് സ്‌കൂൾ ലൈസൻസ് നേടാൻ ഡിപ്പോ മേധാവികൾക്ക് അടിയന്തര നിർദേശം. ആവശ്യമായ രേഖകൾക്കൊപ്പം ഉടൻ തന്നെ ഓൺലൈനിൽ അപേക്ഷ സമർപ്പിക്കണം.

ക്ലാസ് റൂം, പരിശീലനഹാൾ, വാഹനങ്ങൾ, മൈതാനം, ഓഫീസ്, പാർക്കിങ് സൗകര്യം, ടെസ്റ്റിങ് ഗ്രൗണ്ട് എന്നിവയാണ് യുദ്ധകാലാടിസ്ഥാനത്തിൽ തയ്യാറാക്കേണ്ടത്. പരിശീലകരെയും നിയോഗിക്കണം. പരീശീലന ഹാളിലേക്ക് വേണ്ട യന്ത്രസാമഗ്രികൾ സെൻട്രൽ, റീജിയണൽ വർക്ക്‌ഷോപ്പ് മേധാവികൾ ഒരുക്കണം.

മാർച്ച് 30-നുള്ളിൽ കെഎസ്ആർടിസിയുടെ 22 ഡ്രൈവിങ് സ്‌കൂളുകൾ ആരംഭിക്കുമെന്നാണ് അറിയിപ്പ്. പരിശീലന വാഹനങ്ങൾക്ക് ഇരട്ട നിയന്ത്രണ സംവിധാനം എന്നിവയും രണ്ടാഴ്ചയ്ക്കുള്ളിൽ സജ്ജീകരിക്കും. തിരുവനന്തപുരം സ്റ്റാഫ് ട്രെയിനിങ് കോളജ് മേധാവിക്കായിരിക്കും മേൽനോട്ടച്ചുമതല. ഡിപ്പോമേധാവിമാർ ഒരോ ദിവസത്തെയും പുരോഗതി ട്രെയിനിങ് കോളജ് പ്രിൻസിപ്പളിനെ അറിയിക്കണം.

അട്ടക്കുളങ്ങര, എടപ്പാൾ, അങ്കമാലി, പാറശ്ശാല, ഈഞ്ചക്കൽ, ആനയറ, ആറ്റിങ്ങൽ, ചാത്തന്നൂർ, ചടയമംഗലം, മാവേലിക്കര, പന്തളം, പാലാ, കുമളി, അങ്കമാലി, പെരുമ്പാവൂർ, ചാലക്കുടി, നിലമ്പൂർ, പൊന്നാനി, ചിറ്റൂർ, കോഴിക്കോട്, മാനന്തവാടി, തലശ്ശേരി, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് ഡ്രൈവിങ് സ്‌കൂളുകൾ വരുക. ടെസ്റ്റിങ് ഗ്രൗണ്ടുകൾ ഒരുക്കാൻ ഡ്രൈവിങ് സ്‌കൂളുകാർ വിസമ്മതിച്ച പശ്ചാത്തലത്തിലാണ് കെഎസ്ആർടിസിയെക്കൊണ്ട് ഗതാഗത വകുപ്പ് ഡ്രൈവിങ് സ്‌കൂളുകൾ ആരംഭിക്കുന്നത്.

Tags:    

Similar News