കെഎസ്ആർടിസി ബസ് കണ്ടക്ടറില്ലാതെ ഓടിയത് 7 കിലോമീറ്റർ; ഓട്ടോ പിടിച്ച് പിന്നാലെ എത്തി കണ്ടക്ടർ

Update: 2024-07-20 08:02 GMT

കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടറില്ലാതെ ഓടിയത് ഏഴു കിലോമീറ്റർ ദൂരം. ഇന്നലെ രാവിലെ 9.50ന് കോഴിക്കോട് സർവീസ് നടത്തുന്ന ആർ എസ് സി 856 നമ്പർ ടൗൺ ബസാണ് മാനന്തവാടിയിൽ നിന്ന് ആറാംമൈയിൽ വരെ കണ്ടക്ടറെ മറന്ന് ഓടിയത്. മാനന്തവാടി ഗവ.കോളേജ്, തോണിച്ചാൽ, നാലാം മൈൽ, അഞ്ചാം മൈൽ സ്റ്റോപ്പുകൾ പിന്നിട്ട ശേഷം ആറാം മൈൽ എത്താറായപ്പോഴാണ് ബസിൽ കണ്ടക്ടറില്ലെന്ന കാര്യം യാത്രക്കാരിൽ നിന്ന് ഡ്രൈവർ അറിയുന്നത്.

മാനന്തവാടിയിൽ നിന്ന് പുറപ്പെടേണ്ട സമയമായപ്പോൾ യാത്രക്കാരിലാരോ ബെല്ലിൽ തട്ടിയതോടെ ഡ്രൈവർ ബസുമായി യാത്ര ആരംഭിക്കുകയായിരുന്നു. നിറയെ യാത്രക്കാരുള്ളതിനാൽ കണ്ടക്ടറില്ലാത്ത കാര്യം അറിഞ്ഞതുമില്ല. പുറത്തുപോയ കണ്ടക്ടർ സ്റ്റാൻഡിൽ ബസ് നിർത്തിയിട്ട സ്ഥലത്ത് എത്തിയപ്പോഴാണ് ബസ് പുറപ്പെട്ട കാര്യം അറിയുന്നത്. ഉടൻ ബസ് സ്റ്റാൻഡിൽ നിന്ന് മാനന്തവാടി പൊലീസ് സ്റ്റേഷൻ വരെ വനിതാ കണ്ടക്ടർ ബസിന് പിന്നാലെ ഓടി. ഡ്രൈവറെ ഫോണിൽ വിളിച്ചെങ്കിലും ഓട്ടത്തിനിടെ ഫോൺ എടുത്തതുമില്ല. റോഡരികിലേക്ക് ബസ് ഒതുക്കിനിർത്തുമ്പോഴേക്കും മാനന്തവാടിയിൽ നിന്ന് ഓട്ടോയിൽ കണ്ടക്ടർ എത്തിയിരുന്നു. കണ്ടക്ടർ ഇല്ലാതെ ഏഴ് കിലോമീറ്റർ ഓടിയതിനാൽ വരുമാന നഷ്ടവും ഉണ്ടായി. സംഭവത്തിൽ ആർക്കാണ് വീഴ്ച പറ്റിയതെന്ന് കെ.എസ്.ആർ.ടി.സി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News