രാത്രിയിൽ അപ്രഖ്യാപിത പവർകട്ട്; കെ.എസ്.ഇ.ബി. ഓഫീസ് ജനം കൈയേറി

Update: 2024-04-30 01:17 GMT

ചൂട് കൂടി നിൽക്കുന്ന സമയം രാത്രിയിൽ കെ.എസ്.ഇ.ബി.യുടെ അപ്രഖ്യാപിത പവർകട്ട്. വിയർത്തൊട്ടി ഉറക്കം നഷ്ടമായ സ്ത്രീകളടക്കമുള്ളവർ കുഞ്ഞുങ്ങളുമായി അർധരാത്രി പാലാരിവട്ടം കെ.എസ്.ഇ.ബി. ഓഫീസിലേക്ക് ഇരച്ചെത്തി. ഇടപ്പള്ളി മഠം ജങ്ഷൻ, മൈത്രി നഗർ, കലൂർ, കറുകപ്പിള്ളി, പെരുമ്പോട്ട, പോണേക്കര എന്നീ ഭാഗങ്ങളിൽനിന്നുള്ള വൈദ്യുതി ഉപഭോക്താക്കളാണ് പാലാരിവട്ടം സെക്ഷൻ ഓഫീസിലേക്ക് എത്തിയത്.

സംഭവമറിഞ്ഞ് പാലാരിവട്ടം പോലീസും സ്ഥലത്തെത്തി. വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാതെ വീടുകളിലേക്ക് തിരിച്ചുപോകില്ലെന്ന് ജനങ്ങൾ നിലപാടെടുത്തതോടെ പോലീസും കെ.എസ്.ഇ.ബി. അധികൃതരും കുഴങ്ങി. രണ്ടാഴ്ച മുൻപ് ഇതേ പ്രശ്‌നത്തിൽ പോണേക്കരയിലെ ഭാര്യയും ഭർത്താവും കെ.എസ്.ഇ.ബി. ഓഫീസിൽ പായവിരിച്ച് കിടന്ന സംഭവമുണ്ടായിരുന്നു.

ഇടപ്പള്ളി മേഖലയിൽ കഴിഞ്ഞ നാലുദിവസമായി രാത്രി 11 മണിയോടെ അപ്രഖ്യാപിത പവർകട്ട് ഉണ്ട്. ലോഡ് കൂടുന്നതനുസരിച്ച് ലൈനുകൾ ഓഫാക്കുകയാണ് ചെയ്യുന്നത്. തിങ്കളാഴ്ച രാത്രി 10 മണിയോടെ വൈദ്യുതി നിലച്ചിട്ടും വരാതായതോടെ ഉപഭോക്താക്കൾ പാലാരിവട്ടം കെ.എസ്.ഇ.ബി. ഓഫീസിലേക്ക് വിളിച്ചെങ്കിലും ഫോണെടുക്കാൻ ആരും തയ്യാറായില്ല. ഇതേത്തുടർന്നാണ് പലഭാഗത്തുനിന്നും ജനങ്ങൾ കൂട്ടത്തോടെ കെ.എസ്.ഇ.ബി. ഓഫീസിലേക്ക് എത്തിയത്.

വൈദ്യുതി ലൈനുകൾക്ക് താങ്ങാനാകുന്നതിലും കൂടുതൽ ലോഡ് വന്നതാണ് പ്രശ്‌നമായതെന്ന് കെ.എസ്.ഇ.ബി. വിശദീകരിച്ചെങ്കിലും ജനങ്ങൾ അംഗീകരിക്കാൻ തയ്യാറായില്ല. ചില പ്രദേശങ്ങളിൽ മാത്രമാണ് വർഷങ്ങളായി ഈ പ്രശ്‌നമെന്നും ഇതിനേക്കാൾ വൈദ്യുതി ഉപഭോഗമുള്ള ഉന്നത അധികൃതർ താമസിക്കുന്ന സ്ഥലങ്ങളിൽ ഇത്തരം പ്രശ്‌നങ്ങളില്ലെന്നും ജനങ്ങൾ ചൂണ്ടിക്കാട്ടി. സെക്ഷൻ ഓഫീസിലെ ഫോണിന്റെ റിസീവറെടുത്ത് മാറ്റിവെച്ചതും ഫോൺവിളിച്ചാൽ എടുക്കാത്തതും എന്തെന്നുള്ള ചോദ്യത്തിനും കെ.എസ്.ഇ.ബി. അധികൃതർക്ക് മറുപടിയുണ്ടായില്ല. ഇത്ര വർഷമായിട്ടും ട്രാൻസ്ഫോർമറുകളുടെ ശേഷി ഉയർത്താത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും അധികൃതർക്ക് മറുപടിയുണ്ടായില്ല. പുലർച്ചെ രണ്ടുമണിക്ക് ശേഷവും ജനം വൈദ്യുതി ഓഫീസ് വിട്ടുപോകാൻ തയ്യാറായിട്ടില്ല.

Tags:    

Similar News