വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ വൈകി; കെഎസ്ഇബി ഓഫീസിൽ കയറി യുവാക്കൾ ജീവനക്കാരനെ മർദ്ദിച്ചു
വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ വൈകിയതിന് കെഎസ്ഇബി ജീവനക്കാരനെ മർദ്ദിച്ചതായി പരാതി. പത്തനംതിട്ട വായ്പൂർ കെഎസ്ഇബി സെക്ഷൻ ഓഫീസർ ഓവർസീയർ കോവളം സ്വദേശി വിൻസന്റ് രാജിനാണ് മർദനമേറ്റത്. സംഭവത്തിൽ പൊലീസ് നാലുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സംഭവം.
നാലുപേർ ഓഫീസിൽ അതിക്രമിച്ചുകയറിയാണ് ഓവർസീയറെ മർദ്ദിച്ചത്. മഴയിലും കാറ്റിലും മരങ്ങൾ വീണതിനെ തുടർന്ന് കഴിഞ്ഞ ദിവസം മേഖലയിലെ വൈദ്യുതവിതരണം തടസപ്പെട്ടിരുന്നു. എന്നാൽ 24 മണിക്കൂർ കഴിഞ്ഞിട്ടും ഇത് പുനഃസ്ഥാപിക്കാനായിരുന്നില്ല. ഇതേത്തുടർന്ന് കുറച്ച് യുവാക്കൾ ഓഫീസിൽ വിളിച്ച് പരാതി പറഞ്ഞു. പിന്നാലെ വൈകിട്ട് അഞ്ചുമണിയോടെ നാല് യുവാക്കൾ ഓഫീസിലെത്തുകയും ജീവനക്കാരന്റെ കരണത്തടിക്കുകയും ചെയ്തതായാണ് പരാതി. ഈ സമയം ഓഫീസിലുണ്ടായിരുന്ന വനിതാ സബ് എൻജിനീയർ സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. സംഘം ഓഫീസിൽ ബഹളം വയ്ക്കുന്നതും ഭീഷണിപ്പെടുത്തുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം.
ഓഫീസിലെ കസേര ചവിട്ടി തള്ളിയിടുന്നതും വീഡിയോയിൽ ഉണ്ട്.നാലംഗസംഘം വനിതാ എൻജിനീയറെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. യുവാക്കൾ മദ്യലഹരിയിലാണ് അതിക്രമം കാട്ടിയതെന്നാണ് സംശയം. പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.