എഡിജിപി അജിത് കുമാർ അന്വേഷിച്ച എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പുനരന്വേഷിക്കണം; കെ.എം ഷാജി
എഡിജിപി എം.ആർ അജിത് കുമാർ അന്വേഷിച്ച എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പുനരന്വേഷിക്കണമെന്ന് മുസ്‍ലിം ലീഗ് നേതാവ് കെ.എം ഷാജി. ഉത്തരേന്ത്യയിലെ ട്രെയിൻ ആക്രമണ പരമ്പര പോലെ ഒരു രാഷ്ട്രീയം എലത്തൂർ ട്രെയിൻ തീവെപ്പ് കേസിന് പിന്നിലുണ്ടായിരുന്നു. 2023 ഏപ്രിൽ രണ്ടിനാണ് ഇത് സംഭവിക്കുന്നത്. ഒരു മാസത്തിന് ശേഷമായിരുന്നു കർണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പ്. ഈ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനായി കേരളത്തിൽനിന്നുള്ള ആസൂത്രിതമായ നീക്കമായിരുന്നു ട്രെയിൻ തീവെപ്പെന്ന് കെ.എം ഷാജി പറഞ്ഞു.
കേസ് അന്വേഷിച്ച എഡിജിപി എം.ആർ അജിത് കുമാർ പറഞ്ഞ ഓരോ വാക്കുകളും തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചു. അത് വലിയ ചർച്ചയായി മാറി. സംഘ്‍പരിവാർ ആസൂത്രണം ചെയ്ത ഈ സംഭവത്തിന് കേരളത്തിലെ പൊലീസ് കൂട്ടുനിന്നു എന്നതാണ് ഏറ്റവും വലിയ പ്രശ്നം. തീവെപ്പ് തീവ്രവാദ പ്രവർത്തനമാണ് എന്നതിന് തെളിവായി എഡിജിപി പറഞ്ഞത് പ്രതിയെ പിടികൂടിയത് ഷഹീൻബാഗിൽനിന്നാണ് എന്നതായിരുന്നു. സിഎഎക്കെതിരെ പ്രോജ്ജ്വലമായ സമരം നയിച്ച നാടാണ് ഷഹീൻബാഗ്. പൗരത്വ നിയമത്തിനെതിരായ സമരം തീവ്രവാദ പ്രവർത്തനമാണെന്നാണ് എഡിജിപി ഇതിലൂടെ പറയുന്നതെന്നും കെ.എം ഷാജി പറഞ്ഞു.
മുഹമ്മദ് മോനൂസ് എന്നയാളെയും കേസിൽ പിടികൂടിയിരുന്നു. ഇയാളുടെ പിതാവിനെ പിന്നീട് കൊച്ചിയിൽ മരിച്ചനിലയിൽ കാണപ്പെടുകയുണ്ടായി. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസ് പറഞ്ഞത്. എഡിജിപി അജിത് കുമാർ കൊല്ലുകയും കൊല്ലിക്കുകയും ചെയ്യുമെന്ന് പി.വി അൻവർ എംഎൽഎ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ കാതിൽ പ്രതിധ്വനിക്കുന്നത്. എഡിജിപി അജിത് കുമാർ കേരളത്തിൽ ഇടപെട്ട എല്ലാ കേസുകളും പുനരന്വേഷിക്കണമെന്നും കെ.എം ഷാജി വ്യക്തമാക്കി.