കേരള സർവകലാശാല സെനറ്റിലേക്കുള്ള വിദ്യാർഥി പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ അലങ്കോലപ്പെടുത്തിയ സംഭവം അന്വേഷിക്കാൻ സിൻഡിക്കേറ്റ് സമിതിയെ ചുമതലപ്പെടുത്തി. ബാലറ്റ് പേപ്പർ ഉൾപ്പെടെയുള്ള രേഖകളും സെനറ്റ് ഹാളിലെ ഉപകരണങ്ങളും നശിപ്പിക്കപ്പെട്ടതായി പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടി. ഇക്കാര്യങ്ങൾ അന്വേഷിക്കുന്നതിന് സിൻഡിക്കേറ്റിന്റെ വിദ്യാർഥി അച്ചടക്ക സ്ഥിരംസമിതിയെ ചുമതലപ്പെടുത്തിക്കൊണ്ട് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ ഉത്തരവിട്ടു.
തിരഞ്ഞെടുപ്പ് നടത്തിയതിൽ പാകപ്പിഴ സംഭവിച്ചിട്ടുണ്ടോ, ഔദ്യോഗികമായി ചുമതലപ്പെടുത്താത്തവർ ഹാളിൽ പ്രവേശിച്ചെങ്കിൽ ആരാണ് അതിന് ഉത്തരവാദി എന്നീ കാര്യങ്ങൾ അന്വേഷിക്കാനാണ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, തിരഞ്ഞെടുപ്പ് അലങ്കോലമാകാനുള്ള കാരണം, സ്ഥാനാർഥികളോ അവർ ഔദ്യോഗികമായി ചുമതലപ്പെടുത്തിയവരോ സംഘർഷത്തിന് കാരണക്കാരായിട്ടുണ്ടോ എന്നും പരിശോധിക്കും.
മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ കമ്മിറ്റിയോട് വി.സി. ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. അതുവരെ, തിരഞ്ഞെടുപ്പ് ഫലങ്ങളൊന്നും പ്രഖ്യാപിക്കാൻ പാടില്ലെന്നും വി.സി.യുടെ ഉത്തരവിൽ പറയുന്നു. ബുധനാഴ്ചയായിരുന്നു എസ്.എഫ്.ഐ.-.കെ.എസ്.യു. പ്രവർത്തകർ ഏറ്റുമുട്ടിയതിനെ തുടർന്ന് സെനറ്റ് തിരഞ്ഞെടുപ്പ് റദ്ദാക്കിയത്.