ഇതിൽ ഗതാഗത മന്ത്രിക്ക് കാര്യമില്ല, സിനിമ മേഖലയിൽ എല്ലാ ശരിയാണെന്ന് അഭിപ്രായമില്ല; ഗണേഷ് കുമാർ

Update: 2024-08-20 07:15 GMT

ഹേമ കമ്മീഷൻ റിപ്പോർട്ടിൽ സാംസ്‌കാരിക വകുപ്പും സർക്കാരും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഇതിൽ ഗതാഗത മന്ത്രിയ്ക്ക് കാര്യമില്ലെന്നും മന്ത്രി കെബി ഗണേഷ് കുമാർ. സിനിമ നടൻ കൂടിയായ മന്ത്രി ഹേമ കമ്മീഷൻ റിപ്പോർട്ടിലെ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ സംബന്ധിച്ച പരാമർശങ്ങളിൽ കൂടുതൽ പ്രതികരിക്കാനും തയ്യാറായില്ല. എന്തെങ്കിലും പറഞ്ഞ് വിവാദത്തിനില്ലെന്നും ചില കാര്യങ്ങൾ മാത്രം ഹൈലൈറ്റ് ചെയ്ത് ചാടേണ്ടെന്നും മന്ത്രി പറഞ്ഞു. റിപ്പോർട്ട് പുറത്തു വന്നു നല്ലതാണ്. അവസരങ്ങൾ ലഭിക്കുന്നത് വിട്ടുവീഴ്ച ചെയ്യണമെന്നൊക്കെ പണ്ടേ കേൾക്കുന്നതാണ്.

എന്നോട് ആരും പരാതി പറഞ്ഞിട്ടില്ല. പറഞ്ഞാൽ അന്നേരം പ്രതികരിക്കും. നമ്മൾ എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങൾ ഊഹിക്കുന്നത്. ആളുകളെ ആക്ഷേപിക്കുന്നതിന് തയാറല്ല. സാംസ്‌കാരിക മന്ത്രി കൃത്യമായ മറുപടി പറഞ്ഞിട്ടുണ്ട്. അദ്ദേഹം നടപടി സ്വീകരിക്കുമെന്ന് ഉറപ്പുണ്ട്. സിനിമ മേഖലയിൽ എല്ലാ ശരിയാണെന്ന് അഭിപ്രായമില്ല. അറിയാത്ത കാര്യങ്ങളെക്കുറിച്ച് പറയാനില്ല.

ആരും ഇത്തരം കാര്യങ്ങളിൽ തന്നോട് പരാതി പറഞ്ഞിട്ടില്ല. റിപ്പോർട്ടിൽ സർക്കാർ നൽകേണ്ട ശുപാർശയിൽ സാംസ്‌കാരിക വകുപ്പ് ഉചിതമായ നടപടിയെടുക്കും. ഷൂട്ടിങ് ലോക്കേഷനിൽ ബാത്ത് റൂം സൗകര്യമില്ലാത്തതോക്കെ ഉടൻ നടപടിയെടുക്കേണ്ട കാര്യമാണ്. സീനിയറായ നടികളുടെ കാരവൻ ഉപയോഗിക്കാൻ അനുവദിക്കുന്നില്ല. പ്രൊഡ്യൂസേഴ്‌സ് സംഘടന ഇത്തരം കാര്യങ്ങൾ ആലോചിക്കേണ്ടതാണ്. മൊത്തത്തിൽ ഉള്ള പഠനമാണ്. അതിൽ ചില കാര്യങ്ങൾ മാത്രം എടുത്ത് ചാടേണ്ട. പണ്ടും ഇതുപോലെയുള്ള കഥകൾ കേട്ടിട്ടുണ്ട്.

ഗണേഷ് കുമാറോ ട്രാൻസ്‌പോർട്ട് മന്ത്രിയോ അല്ല നടപടിയെടുക്കേണ്ടത്. എന്നോട് ആരും പരാതി പറഞ്ഞിട്ടില്ല. ഉണ്ടെങ്കിൽ ഞാൻ ഇടപെടുമായിരുന്നു. അതിൽ ഒരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല. അതുകൊണ്ടാണ് സിനിമയിൽ വല്യ അവസരം ഇല്ലാത്തത്. ആവശ്യമില്ലാത്ത കാര്യങ്ങൾ ഊഹിക്കേണ്ടതില്ല. കുറ്റക്കാരുടെ പേരോ മറ്റോ പറഞ്ഞിട്ടില്ല. അതിനാൽ അതെക്കുറിച്ച് പറയാനില്ല. വ്യക്തിപരമായ അധിക്ഷേപത്തിന് കാരണമാകുന്ന ചർച്ചകൾക്കില്ല. കോടതി പറഞ്ഞ രേഖകൾക്ക് അപ്പുറത്ത് എന്തെങ്കിലും ലഭിക്കുമോയെന്ന് അറിയില്ല. ഇക്കാര്യത്തിൽ ട്രാൻസ്‌പോർട്ട് മന്ത്രിയ്ക്ക് ഒരു കാര്യവുമില്ലെന്നും ഗണേഷ് കുമാർ ആവർത്തിച്ചു.

Tags:    

Similar News