'എം.വി. ഗോവിന്ദന്റെ പരാമർശം അബദ്ധമായി, അത് പറയാൻ പാടില്ലായിരുന്നു'; കാനം രാജേന്ദ്രൻ

Update: 2023-09-27 01:35 GMT

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വിലയിരുത്തലാകുമെന്ന എം.വി. ഗോവിന്ദന്റെ പരാമർശത്തിൽ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. യുഡിഎഫ് സ്ഥിരമായി ജയിക്കുന്ന മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് എം.വി.ഗോവിന്ദൻ പറയാൻ പാടില്ലായിരുന്നുവെന്നും അതു തെറ്റായ പ്രതികരണമായിരുന്നുവെന്നും കാനം രാജേന്ദ്രൻ ചൂണ്ടിക്കാണിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിലാണു വിമർശനം.

അര നൂറ്റാണ്ടായി യുഡിഎഫ് ജയിക്കുന്നിടത്ത് എൽഡിഎഫ് സർക്കാരിന്റെ വിലയിരുത്തലാകുമെന്നു ഗോവിന്ദനേ പറയാനാകൂ. പറഞ്ഞത് വലിയ അബദ്ധമായെന്നും കാനം കുറ്റപ്പെടുത്തി. സർക്കാരിനെതിരെയും യോഗത്തിൽ രൂക്ഷ വിമർശനമുയർന്നു. പ്രതിരോധിക്കാൻ കഴിയാത്തവിധം ജനവികാരം സർക്കാരിന് എതിരാണ്. മാധ്യമങ്ങളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. പുതുപ്പള്ളിയിൽ സഹതാപ തരംഗം മാത്രമല്ല, സർക്കാരിനെതിരായ വികാരവും ഉണ്ടായി. ഇതു തിരിച്ചറിഞ്ഞു തിരുത്തണമെന്നും സംസ്ഥാന കൗൺസിലിൽ ആവശ്യമുയർന്നു. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട വിവാദങ്ങൾ തൃശൂരിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും സിപിഐ വിമർശിച്ചു.

Tags:    

Similar News