മരിച്ചവരെ വിടാതെ ഓൺലൈൻ ലോൺ ആപ്പ്; യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഇന്നും അയച്ചു

Update: 2023-09-14 05:54 GMT

ഓൺലൈൻ ആപ്പ് വായ്പ്പ സംഘം ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത കടമക്കുടിയിലെ ദമ്പതികളെ മരണ ശേഷവും വിടാതെ ലോൺ ആപ്പുകൾ. മോർഫ് ചെയ്ത അശ്ലീല ഫോട്ടോ അയച്ച് ലോൺ ആപ്പുകളുടെ ഭീഷണി തുടരുകയാണ്. മരിച്ച നിജോയുടെ ഭാര്യയുടെ മോർഫ് ചെയ്ത ഫോട്ടോകളാണ് ബന്ധുക്കൾക്ക് അയച്ചത്. ഇന്ന് രാവിലെയും ബന്ധുക്കളുടെ ഫോണുകളിൽ ഫോട്ടോകളെത്തിയെന്ന് ബന്ധുക്കൾ പറഞ്ഞു. കൂട്ട ആത്മഹത്യയിൽ ഓൺലൈൻ ആപ്പിനെതിരെ വരാപ്പുഴ പൊലീസ്  കേസ് എടുത്തിട്ടുണ്ട്. 

എണാകുളം ജില്ലയിലെ കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കടമക്കുടി മാടശ്ശേരി വീട്ടിൽ നിജോ, ഭാര്യ ശിൽപ, മക്കളായ ഏഴ് വയസുകാരൻ എബൽ, അഞ്ച് വയസുകാരൻ ആരോൺ എന്നിവരുടെ മൃതദേഹങ്ങളാണ് വീടിന് മുകളിലത്തെ മുറിയിൽ കണ്ടെത്തിയത്.  സാമ്പത്തിക പ്രയാസമാണ് ആത്മഹത്യയിലേക്ക് എത്തിയതെന്നായിരുന്നു വിവരം. കടബാധ്യതയും സാമ്പത്തിക പ്രശ്‌നങ്ങളുമാണ് ആത്മഹത്യക്ക് കാരണം എന്ന നിഗമനത്തിലായിരുന്നു പൊലീസ്. അതിനിടെയാണ് മരിച്ച യുവതി ഓൺലൈൻ ആപ്പ് വഴി എടുത്ത വായ്പ തിരിച്ചടയ്ച്ചിട്ടില്ല എന്ന് ആരോപിച്ച് ഭീഷണി സന്ദേശങ്ങൾ ലഭിച്ച വിവരം അറിയുന്നത്. യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങളും ലോൺ അടക്കാൻ സമ്മർദ്ദം ചെലുത്തുന്ന തരത്തിൽ ഓഡിയോ സന്ദേശങ്ങളും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണുകളിൽ എത്തി.

Tags:    

Similar News