തൃശൂരിൽ വോട്ടർ പട്ടികയിൽ പേരുള്ള എല്ലാവരുടെയും വോട്ട് വേണം; കെ മുരളീധരൻ

Update: 2024-04-05 02:12 GMT

തൃശൂരിൽ വോട്ടർ പട്ടികയിൽ പേരുള്ള എല്ലാവരുടെയും വോട്ട് വേണമെന്ന് തൃശൂർ ലോക്സഭാ മണ്ഡലം സ്ഥാനാർഥി കെ. മുരളീധരൻ. പൂങ്കുന്നത്തെ മുരളീമന്ദിരത്തിൽ മാതാപിതാക്കളുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിക്ക് ചില പ്രസ്ഥാനങ്ങളോട് ചില നയങ്ങളുണ്ട്. ആ നയങ്ങളെ കുറിച്ചാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും തെറ്റാണ്. അതിനെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ ആരെങ്കിലും വോട്ടുതരുന്നത് കൊണ്ട് പാർട്ടിയുടെ നയത്തിൽ മാറ്റമുണ്ടാവില്ല.

മുഖ്യമന്ത്രിക്ക് രണ്ടു മൂന്നു ദിവസമായി പ്രത്യേക മാനസികാവസ്ഥയാണെന്നും ഇതിന്റെ കാരണം എന്തെന്ന് മനസിലാവുന്നില്ലെന്നും മുരളീധരൻ പറഞ്ഞു. കൊടി വച്ചതിനും വെക്കാത്തതിനും പരാതിയാണ്. എസ്.ഡി.പി.ഐയുടെ വോട്ട് വാങ്ങിയാണ് അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ശിവൻകുട്ടി വിജയിച്ചത്. പരസ്യമായാണ് എസ്.ഡി.പി.ഐ സി.പി.എമ്മിന് പിന്തുണ പ്രഖ്യാപിച്ചത്.

അന്ന് സിപിഎമ്മിന് ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. അന്നും ഇന്നും എസ്.ഡി.പി.ഐയോട് ഒരേ നിലപാടാണ് തങ്ങൾക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ സിപിഎമ്മും ബി ജെ പിയും തമ്മിൽ ഡീലുണ്ടെന്നു മുരളീധരൻ പറഞ്ഞു. കരുവന്നൂർ വിഷയത്തിൽ ഇ.ഡി. നോട്ടീസ് അയച്ചത് ഈ ധാരണയുടെ ഭാഗമാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ ഒന്നോ രണ്ടോ പേരെ വിജയിപ്പിക്കാനുള്ള ബിജെപിയുടെ തന്ത്രമാണ് ഇഡിയുടെ നോട്ടീസ്.

അതല്ലായിരുന്നുവെങ്കിൽ നേരത്തെതന്നെ നടപടി നടപടികളിലേക്ക് കടക്കേണ്ടതായിരുന്നു. ധാരണ പ്രകാരം തിരുവനന്തപുരവും തൃശൂരും ബി.ജെ.പിക്ക് നൽകുകയും മറ്റു സ്ഥലങ്ങളിൽ സി.പി.എമ്മിനെ സഹായിക്കുകയുമാണ് തന്ത്രം. ഇത് കോൺഗ്രസും യു.ഡി.എഫും കൃത്യമായി മനസിലാക്കിയിട്ടുണ്ട്. അതിൽ തെല്ലും ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News