ഐജി വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം; വകുപ്പുതല അന്വേഷണത്തിൽ ക്ലീൻ ചിറ്റ്

Update: 2024-05-10 15:51 GMT

മുൻ എടിഎസ് തലവൻ ഐജി പി വിജയന് സ്ഥാനക്കയറ്റം. ഏലത്തൂര്‍ ട്രെയിൻ തീവയ്പ്പ് കേസിൽ സസ്പെൻഷനിലായി മാസങ്ങളോളം സേനയ്ക്ക് പുറത്തായിരുന്ന ഇദ്ദേഹത്തിന് തിരിച്ചെടുത്ത ശേഷം സ്ഥാനക്കയറ്റം നൽകിയിരുന്നില്ല. എലത്തൂര്‍ ട്രെയിൻ തീവയ്പ്പ് കേസിൽ പ്രതിയുടെ യാത്രാവിവരം മാധ്യമപ്രവ‍ര്‍ത്തകര്‍ക്ക് ചോര്‍ത്തിനൽകിയെന്നായിരുന്നു ആരോപണം. എന്നാൽ ഈ ആരോപണങ്ങൾക്ക് വ്യക്തമായ തെളിവുകളൊന്നും ഇല്ലെന്ന് വകുപ്പുതല അന്വേഷണത്തിൽ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് എഡിജിപിയായി സ്ഥാനക്കയറ്റം നൽകിയത്. പൊലീസ് അക്കാദമി ഡയറക്ടറായാണ് പുതിയ നിയമം.

എലത്തൂർ ട്രെയിൻ ആക്രമണ കേസിലെ പ്രതിയുടെ യാത്ര വിവരങ്ങള്‍ ചോർത്തിയെന്നാരോപിച്ച് ക്രമസമാധാനചുമതലയുള്ള എഡിജിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഐജി പി വിജയനെ സര്‍വീസിൽ നിന്ന് സസ്പെന്റ് ചെയ്തത്. ആറ് മാസങ്ങള്‍ക്ക് ശേഷമാണ് സസ്പെൻഷൻ പിൻവലിച്ചത്. വിജയന്റെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ചീഫ് സെക്രട്ടറി രണ്ടു പ്രാവശ്യം ആഭ്യന്തര വകുപ്പിന് ശുപാർശ നൽകിയിരുന്നു. വിജയനെ തിരിച്ചെടുത്ത ശേഷവും സംസ്ഥാന ആഭ്യന്തര സെക്രട്ടറി വകുപ്പ് തല അന്വേഷണം തുടര്‍ന്നു. ഈ റിപ്പോര്‍ട്ടിൽ ക്ലീൻ ചിറ്റ് ലഭിച്ചതോടെയാണ് സര്‍വീസിൽ ഇപ്പോഴത്തെ സ്ഥാനക്കയറ്റം. ജനുവരിയിൽ എഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കേണ്ട ഉദ്യോഗസ്ഥനായിരുന്നു പി വിജയൻ.

സംസ്ഥാനത്ത് 1999 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് പി വിജയൻ. കോഴിക്കോട് സ്വദേശിയായ ഇദ്ദേഹമാണ് സംസ്ഥാനത്ത് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിക്ക് പിന്നിൽ പ്രവര്‍ത്തിച്ചത്. കളമശേരി ബസ് കത്തിക്കൽ കേസ്, ശബരിമല തന്ത്രി കേസ്, ചേലേമ്പ്ര ബാങ്ക് കവര്‍ച്ച തുടങ്ങിയ നിരവധി കേസുകളിൽ അന്വേഷണ സംഘത്തെ നയിച്ചത് ഇദ്ദേഹമായിരുന്നു.

Tags:    

Similar News