ആറ് യുവാക്കളെ വിദേശത്ത് എത്തിച്ച് ചൈനീസ് കമ്പനിക്ക് വിറ്റു; മലയാളി തട്ടിയത് ലക്ഷങ്ങൾ; പ്രതി പിടിയിൽ

Update: 2024-08-08 07:53 GMT

യുവാക്കളെ വിദേശത്ത് എത്തിച്ച് ചൈനീസ് കമ്പനിക്ക് വിറ്റ സംഭവത്തിൽ യുവാവ് പിടിയിൽ. പള്ളുരുത്തി സ്വദേശിയായ അഫ്സർ അഷറഫിനെയാണ് പൊലീസ് മനുഷ്യക്കടത്ത് കേസിൽ അറസ്റ്റ് ചെയ്തത്. പള്ളുരുത്തി സ്വദേശികളായ ആറ് യുവാക്കളെയാണ് പ്രതി ലാവോസിൽ പ്രവർത്തിക്കുന്ന ചൈനീസ് കമ്പനിക്ക് വിറ്റത്. തട്ടിപ്പിന് ഇരയായ യുവാക്കളെ ഭീഷണിപ്പെടുത്തി ഓൺലൈനിലൂടെ നിയമ വിരുദ്ധ പ്രവൃത്തികൾ ചെയ്യിച്ച ചൈനീസ് കമ്പനിയിലെ ജീവനക്കാർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

പള്ളുരുത്തിക്കാരായ ആറ് യുവാക്കളെ ലാവോസിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞാണ് അഫ്സർ സമീപിച്ചത്. 50,000 രൂപ വീതം വാങ്ങിയ ശേഷം ഇവരെ ലാവോസിൽ എത്തിച്ചു. അവിടെ ഓൺലൈൻ തട്ടിപ്പുകൾ നടത്തുന്ന യിംഗ് ലോംഗ് എന്ന ചൈനീസ് കമ്പനിക്ക് യുവാക്കളെ അഫ്സർ വിറ്റു. ഒരാൾക്ക് നാല് ലക്ഷം രൂപ നിരക്കിലായിരുന്നു വിൽപ്പന. തൊഴിൽ കരാർ എന്ന പേരിൽ ചൈനീസ് ഭാഷയിൽ വ്യവസ്ഥകൾ രേഖപ്പെടുത്തിയ കടലാസുകളിൽ യുവാക്കളെ കൊണ്ട് ഒപ്പിടിയിപ്പിച്ചതിന് ശേഷമാണ് കമ്പനി നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഇവരെ ഉപയോഗിച്ചത്.

യുവാക്കളുടെ പാസ്പോർട്ടും കമ്പനി പിടിച്ചുവച്ചു. തുടർന്ന് യുവാക്കളെ കൊണ്ട് ഓൺലൈനിൽ നിർബന്ധിച്ച് സാമ്പത്തിക തട്ടിപ്പുകൾ നടത്തിക്കുകയായിരുന്നു. ഇന്ത്യക്കാരെ ചാറ്റിംഗ് ആപ്പുകളിലൂടെ ബന്ധപ്പെട്ട ശേഷം ഓൺലൈൻ ട്രേഡിംഗിന്റെ പേര് പറഞ്ഞാണ് കമ്പനി പണം തട്ടിയിരുന്നത്. രക്ഷപ്പെട്ട് നാട്ടിലെത്തിയ യുവാവ് നൽകിയ പരാതിയിലാണ് അഫ്സർ അഷറഫ് പിടിയിലായത്. സംഘത്തിൽ കൂടുതൽ പേരുണ്ടെന്ന് പൊലീസ് പറഞ്ഞു.

Tags:    

Similar News