ഗുരുവായൂരിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുരുവായൂർ ദേവസ്വം ബോർഡ് സമ്മാനം നൽകും ; ശിൽപം ഒരുക്കിയത് രാജീവ് ഗാന്ധിക്കും നരസിംഹറാവുവിനും ഒരുക്കിയ അതേ ശിൽപി

Update: 2024-01-16 15:46 GMT

നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുരുവായൂർ ദേവസ്വം സമ്മാനിക്കുന്നത് ഗുരുവായൂരപ്പന്റെ ചാരുതയാർന്ന ദാരുശിൽപവും കൃഷ്ണനും രാധയും ഗോപികയും ഒരുമിച്ച ചുമർചിത്രവും. മികവാർന്ന ഈ കലാസൃഷ്ടികൾ ചെയർമാനും ദേവസ്വം ഭരണസമിതി അംഗങ്ങളും അഡ്മിനിസ്ട്രേറ്ററും ചേർന്ന് ദേവസ്വത്തിന്റെ ഉപഹാരമായി പ്രധാനമന്ത്രിക്ക് നൽകും.

തേക്കുമരത്തിൽ തീർത്ത ചതുർബാഹുവായ ഗുരുവായൂരപ്പന്റെ ദാരുശിൽപം നിർമ്മിച്ചത് പ്രശസ്ത ശിൽപി എളവള്ളി നന്ദൻ ആണ്. കൂടെ സഹായിയായി നവീനും ചേർന്നു. 19 ഇഞ്ച് ഉയരമുണ്ട്. നാലര ദിവസം കൊണ്ട് ശില്പം പൂർത്തിയായി. മുൻ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധി, നരസിംഹറാവു എന്നിവർ ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയപ്പോൾ ദേവസ്വം സമ്മാനിച്ച ശിൽപം നിർമ്മിച്ചതും നന്ദനായിരുന്നു.

പ്രധാനമന്ത്രിക്ക് നൽകുന്ന ചുമർചിത്രം ഒരുക്കിയത് ദേവസ്വം ചുമർചിത്ര പ0ന കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ്. പ്രിൻസിപ്പാൾ കെ യു കൃഷ്ണ കുമാറും ചീഫ് ഇൻസ്ട്രക്ടർ എം നളിൻ ബാബുവും മേൽനോട്ടം വഹിച്ചു. പരമ്പരാഗത കേരളീയ ശൈലിയിലുള്ള ചുമർചിത്രമാണിത്. പഞ്ചവർണ്ണമാണ് ഉപയോഗിച്ചത്. എഴുപത് സെന്റീമീറ്റർ നീളവും 55 സെ.മീ. വീതിയുമുള്ള കാൻവാസാണ്. പ്രകൃതിദത്ത നിറങ്ങൾ ചുമർചിത്രത്തിന് ശോഭ പകരുന്നു. താഴെ ശ്രീഗുരുവായൂരപ്പനെ പ്രകീർത്തിക്കുന്ന നാരായണീയത്തിലെ പ്രാരംഭ ശ്ലോകം ചിത്രത്തിന് ഭക്തി നിറവേകുന്നതാണെന്നും ദേവസ്വം ബോര്‍ഡ് വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.

Tags:    

Similar News