രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള കലാപ്രവർത്തകർ സംഗമിക്കുന്ന ബിനാലെ ഫണ്ടില്ലാത്ത കാരണത്താൽ മുടങ്ങുമെന്ന് സൂചന. 2020ൽ കോവിഡ് മൂലം ബിനാലെ നടത്താൻ കഴിഞ്ഞില്ല. 2012 മുതൽ എല്ലാ രണ്ട് വർഷം കൂടുന്തോറും ഡിസംബറിലാണ് ബിനാലെ നടത്താറുള്ളത്. 2022 ഡിസംബർ 23 മുതൽ അഞ്ചാം പതിപ്പ് നടന്നു.
ബിനാലെയുടെ പ്രധാന വേദിയായ ചരിത്രപ്രസിദ്ധമായ ആസ്പിൻവാൾ ഹൗസ് കോസ്റ്റ് ഗാർഡിന് വിൽക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ബിനാലെ നടത്തേണ്ടതില്ലെന്ന തീരുമാനത്തിന് പിന്നിലെ കാരണം അതല്ലെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ആസ്പിൻവാൾ ഹൗസ് വിൽക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ബിനാലെ മാറ്റിവയ്ക്കാനുള്ള കാരണമല്ല. 2010-ൽ ബിനാലെ ആശയം രൂപപ്പെടുത്തുമ്പോൾ, കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ചർച്ചകളിൽ ആസ്പിൻവാൾ ഹൗസ് ഉണ്ടായിരുന്നില്ല. ആസ്പിൻവാൾ ഹൗസ് ഇല്ലെങ്കിൽ, ഫൗണ്ടേഷൻ മറ്റൊരു സ്ഥലം കണ്ടെത്തുമെന്നും ബിനാലെ സംഘാടക സമിതിയിലെ ചിലർ പറയുന്നു.
2024-25 ബിനാലെയുടെ ആറാം പതിപ്പിനായി സംസ്ഥാനം 5 കോടി രൂപ കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. അതേസമയം, ആസ്പിൻവാൾ ഹൗസിന് ഉടമകളായ ഡിഎൽഎഫ് ഭീമമായ തുകയാണ് വാടകയായി ഈടാക്കുന്നത്. കഴിഞ്ഞ പതിപ്പിൽ പ്രതിമാസം ഏകദേശം 25 ലക്ഷം രൂപയാണ് വാടകയായി കമ്പനി ആവശ്യപ്പെട്ടത്. 1.5 കോടി രൂപയാണ് കഴിഞ്ഞ പതിപ്പിൽ ഡിഎൽഎഫിന് ഫൗണ്ടേഷൻ ആകെ നൽകിയതെന്നാണ് കണക്ക്.
അടുത്ത പതിപ്പിനെക്കുറിച്ചുള്ള പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ബിനാലെ ഫൗണ്ടേഷൻ സ്ഥാപകൻ ബോസ് കൃഷ്ണമാചാരി പ്രതികരിച്ചു.