വനിതാ ജീവനക്കാരും പരിശോധിക്കാൻ വന്നവരും 'ഫിറ്റ്'; കെഎസ്ആർടിസിയുടെ പരിശോധനയിൽ പണി കൊടുത്ത് ബ്രത്തലൈസർ

Update: 2024-06-27 07:00 GMT

കോതമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോയെന്നറിയാൻ നടത്തിയ പരിശോധനയിൽ പണി കൊടുത്ത് ബ്രത്തലൈസർ. പരിശോധനക്ക് വിധേയരായ ജീവനക്കാരെല്ലാം 'ഫിറ്റ്' ആണെന്നാണ് ശ്വാസവായുവിലെ ആൽക്കഹോൾ സാന്നിധ്യം തിരിച്ചറിയാനുള്ള ഉപകരണം കണ്ടെത്തിയത്.

കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിൽ ബ്രത്തലൈസർ മെഷീനുമായി ഇൻസ്‌പെക്ടർ രവി, ഇൻസ്‌പെക്ടർ സാംസൺ തുടങ്ങിയവരെത്തി. രാവിലെ സർവീസിനു പോകാൻ വന്ന ജീവനക്കാരെ പരിശോധിക്കുകയായിരുന്നു ഉദ്ദേശ്യം.

ഇതിനിടയിൽ 08.05ന് പാലക്കാട് സർവീസ് പോകാൻ വന്ന കണ്ടക്ടർ പി.വി.ബിജുവിനെ ബ്രത്തലൈസറിൽ ഊതിച്ചു. മെഷീനിൽ മദ്യത്തിന്റെ സാന്നിധ്യമായി രേഖപ്പെടുത്തിയത് 39%. എന്നാൽ മദ്യം കഴിക്കാത്ത ബിജു ഇതിനെ എതിർത്തു. ഇത് ഉദ്യോഗസ്ഥരും കെഎസ്ആർടിസി ജീവനക്കാരും തമ്മിലുള്ള വാഗ്വാദത്തിലെത്തി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്ററും ബിജുവിന്റെ വാദം ശരിവച്ചു.

ഇതോടെ സ്റ്റേഷൻ മാസ്റ്റർ ഷാജു സെബാസ്റ്റ്യനെ ഊതിക്കാനായി തീരുമാനം. സ്റ്റേഷൻ മാസ്റ്ററിന്റെ ശ്വാസത്തിലുള്ള മദ്യത്തിന്റെ സാന്ദ്രത 40%. തുടർന്ന് റഷീദ എന്ന ജീവനക്കാരിയെ ഊതിച്ചപ്പോൾ അളവ് 48%. സ്റ്റോർ ജീവനക്കാരിയായ അമ്പിളി ഊതിയപ്പോൾ 40%. ഓഫിസ് ജീവനക്കാരനായ അജീഷ് ലക്ഷ്മണൻ ഊതിയപ്പോൾ 35 ശതമാനം.

ഇതോടെ ഇൻസ്‌പെക്ടർ രവി ഊതിയപ്പോൾ മദ്യത്തിന്റെ അളവ് 45%. രാവിലെ 'ഫിറ്റാ'യി ബ്രത്തലൈസർ കാണിച്ചവരാരും തന്നെ മദ്യപിക്കുന്നവരല്ല എന്നതാണ് കൗതുകം. ബ്രത്തലൈസറിൻറെ തകരാർ ആണ് പണിതന്നതെന്നാണ് നിഗമനം. എന്നാൽ, വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് കോതമംഗലം ഡിപ്പോ അധികൃതർ അറിയിച്ചു.

Tags:    

Similar News