വീട്ടുപറമ്പിൽ നിന്ന് ദിവ്യദൃഷ്ടിയിൽ ഏലസ്സുകൾ കണ്ടെത്തും, തുടർന്ന് മന്ത്രവാദത്തിലൂടെ പരിഹാരം; തട്ടിപ്പുകാരൻ പിടിയിൽ

Update: 2024-10-10 04:36 GMT

മന്ത്രവാദത്തിലൂടെ ശത്രുദോഷം മാറ്റാൻ ദിവ്യദൃഷ്ടിയിൽ തെളിയുന്ന ഏലസ്സുകൾ വീട്ടുപറമ്പിൽ നിന്ന് കുഴിച്ചെടുക്കുന്ന തട്ടിപ്പുകാരൻ പിടിയിൽ. ഇരിങ്ങാലക്കുട സ്വദേശിയായ പ്രവാസിയുടെ മൂന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത ചേർപ്പ് കോടന്നൂർ സ്വദേശി ചിറയത്ത് വീട്ടിൽ റാഫിയെ (51) ആണ് ഡിവൈഎസ്പി കെ.ജി.സുരേഷ്, എസ്എച്ച്ഒ അനീഷ് കരീം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. രോഗബാധിതരെ കണ്ടെത്തി വീടിന്റെയും വസ്തുവിന്റെയും ദോഷമാണ് രോഗത്തിന് കാരണമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് വീട്ടിൽ കയറിപ്പറ്റുന്നതാണ് ഇയാളുടെ രീതി.

പിന്നീട് സഹായിയുമായി വീട്ടിൽ എത്തി വീട്ടുകാർ അറിയാതെ പറമ്പിൽ ഏലസ്സ്, നാഗ രൂപങ്ങൾ, വിഗ്രഹങ്ങൾ എന്നിവ കുഴിച്ചിട്ട് ഇയാൾ തന്നെ ദിവ്യദൃഷ്ടിയിൽ അവ കണ്ടെത്തി ശത്രുക്കൾ കുഴിച്ചിട്ടതാണെന്ന് പറഞ്ഞ് വിശ്വസിപ്പിക്കും. ബിസിനസ് തകരുമെന്നും മാരക അസുഖങ്ങൾക്കു കാരണമാകുമെന്നും ഏലസ്സുകളും തകിടുകളും നശിപ്പിക്കുന്നതിന് പ്രത്യേക പ്രാർഥന വേണമെന്നും പറഞ്ഞ് തട്ടിപ്പ് നടത്തും. ഇത്തരത്തിൽ തട്ടിപ്പിന് ഇരയായ പ്രവാസിയുടെ സുഹൃത്തിന്റെ വീട്ടിലും ദോഷം ഉണ്ടെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് എത്തിയ ഇയാളും സഹായിയും ചേർന്ന് വീടിന്റെ പിറകിൽ നിന്ന് ആറ് ഏലസ്സുകൾ കുഴിച്ചെടുത്തു. ഇവർ പോയശേഷം സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോൾ റാഫിയുടെ സഹായി പോക്കറ്റിൽ നിന്ന് ഏലസ് കുഴിയിലിട്ടു മൂടുന്നതു കണ്ടതോടെയാണ് കള്ളം പുറത്തായത്.

Tags:    

Similar News