സ്ഥാനക്കയറ്റത്തിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ്; കേരള ബാങ്കിലെ ജീവനക്കാരന് സസ്പെൻഷൻ

Update: 2023-08-04 04:27 GMT

തിരുവനന്തപുരം ∙ കേരള ബാങ്കിൽ ക്ലറിക്കൽ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റത്തിനു വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയ ഓഫിസ് ഫെസിലിറ്റേറ്ററെ (പ്യൂൺ) സസ്പെൻഡ് ചെയ്തു. ഇടതു യൂണിയന്റെ ബ്രാഞ്ച് നേതാവു കൂടിയായ ഇൗരാറ്റുപേട്ട ശാഖയിലെ പി.അജയനെയാണ് സസ്െപൻഡ് ചെയ്തത്.


കേരള ബാങ്കിൽ പ്യൂൺ തസ്തികയിൽ ജോലിക്കു കയറുന്നവർക്ക് ഉയർന്ന സ്ഥാനക്കയറ്റത്തിനു സംസ്ഥാന സഹകരണ നിയമ പ്രകാരം ബികോം കോർപറേഷൻ ബിരുദമാണ് അടിസ്ഥാന യോഗ്യത. ഡപ്യൂട്ടി ജനറൽ മാനേജർ തസ്തികയിൽവരെ സ്ഥാനക്കയറ്റത്തിലൂടെ എത്തുകയും ചെയ്യാം. എസ്എസ്എൽസിയും ജൂനിയർ ഡിപ്ലോമ ഇൻ കോ ഓപ്പറേഷനും (ജെഡിസി) ഉണ്ടെങ്കിൽ പ്രമോഷൻ കിട്ടുമെങ്കിലും ക്ലറിക്കൽ തസ്തികയ്ക്കു മുകളിൽ സ്ഥാനക്കയറ്റം ലഭിക്കില്ല.


കേരള ബാങ്ക് നിയമനങ്ങൾ പിഎസ്‌സിക്കു വിട്ടെങ്കിലും പിഎസ്‌സി ചട്ടവും മറ്റും ഭേദഗതി വരുത്തുന്ന നടപടി നടക്കുന്നതേയുള്ളൂ. പിഎസ്‌സിക്കു നിയമനങ്ങൾ കൈമാറുംമുൻപു പരമാവധി പേർക്കു സ്ഥാനക്കയറ്റം നൽകാൻ വഴിവിട്ട നീക്കം നടക്കുന്നുവെന്ന ആരോപണങ്ങൾക്കിടെയാണു വ്യാജ സർട്ടിഫിക്കറ്റ് വിവാദം.


അജയൻ ഹാജരാക്കിയത് രാജസ്ഥാനിലെ ഹരിദേവ് ജോഷി യൂണിവേഴ്സിറ്റി ഓഫ് ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷനിൽ നിന്നുള്ള ബികോം ബിരുദ സർട്ടിഫിക്കറ്റാണ്. രഹസ്യ പരാതിയെ തുടർന്നു സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് അയച്ചു. ബികോം കോഴ്സ് നടത്തുന്നില്ലെന്നും സർട്ടിഫിക്കറ്റ് തങ്ങളുടേതല്ലെന്നും കാട്ടി സർവകലാശാലാ റജിസ്ട്രാറുടെ മറുപടി കേരള ബാങ്കിനു ലഭിച്ചു. ഇതേ തുടർന്നാണ് സസ്പെൻഷൻ. സ്ഥാനക്കയറ്റം ലഭിച്ച മറ്റുള്ളവരുടെ സർട്ടിഫിക്കറ്റുകളും പരിശോധിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

Tags:    

Similar News