സി പി ഐ എം മുൻ ജില്ലാ സെക്രട്ടറിയും തൃക്കരിപ്പൂർ മുൻ എം.എൽ.എയുമായ കെ. കുഞ്ഞിരാമൻ (80) അന്തരിച്ചു. അർധരാത്രിയോടെ കണ്ണൂർ മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് രണ്ടു ദിവസം മുന്‍പായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
1979 മുതൽ 1984 വരെ ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ്, തുടർന്ന് നീലേശ്വരം ബി.ഡി.സി.ചെയർമാൻ, കെ എസ് കെ ടി യു ജില്ലാ സെക്രട്ടറി, പാർട്ടി ജില്ലാ സെക്രട്ടറിയറ്റ് മെമ്പർ, 1994 മുതൽ 2004 വരെ സി.പി.എം ജില്ലാ സെക്രട്ടറി, 2006 മുതൽ 2016 വരെ എം എൽ എ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച അദ്ദേഹത്തിൻ്റെ ജീവിതം സംഭവബഹുലമായിരുന്നു. പാരമ്പര്യ വൈദ്യ കുടുംബാംഗമായിരുന്ന കുഞ്ഞിരാമൻ ആയുർവേദ കോളേജിൽ പഠിക്കുന്നതിനിടെയായിരുന്നു എസ്.എഫ്.ഐയിലേക്ക് ആകൃഷ്ടനായി സംസ്ഥാന വൈസ് പ്രസിഡൻ്റ് പദവി വരെ എത്തുന്നത്. പള്ളിക്കര സംഭവം, അടിയന്തരാവസ്ഥ, ചീമേനി തോൽവിറക് പോരാട്ടം എന്നിവയടക്കമുള്ള ഒട്ടേറെ സമരങ്ങളിൽ മുൻനിര പോരാളിയായിരുന്നു.
മൃതദേഹം രാവിലെ 10 മണിക്ക് കാലിക്കടവിലെത്തിക്കും. 11 മണിക്ക് കാരിയിൽ, 12 മണിക്ക് ചെറുവത്തൂർ എന്നിവിടങ്ങളിലെ പൊതുദർശനത്തിന് ശേഷം 1 മണിക്ക് മട്ടലായിയിലെ മാനവീയം വസതിയിലെത്തിക്കും. തുടർന്നായിരിക്കും സംസ്കാരം.