സ്ത്രീധനമായി ചോദിച്ചത് 150 പവനും 15 ഏക്കറും ബിഎംഡബ്ല്യു കാറും; നോവായി പിജി ഡോക്ടറായ ഷഹനയുടെ മരണം

Update: 2023-12-06 08:07 GMT

സ്ത്രീധനം ചോദിച്ചതാണ് പിജി ഡോക്ടറായ ഷഹനയുടെ ആത്മഹത്യയ്ക്കു പിന്നിലെന്നു കുടുംബം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ സർജറി വിഭാഗത്തിൽ പിജി ചെയ്യുകയായിരുന്നു ഷഹന. കൂടെ പഠിക്കുന്ന ഡോക്ടറുടെ വിവാഹ ആലോചന എത്തിയപ്പോൾ 50 പവൻ സ്വർണവും 50 ലക്ഷംരൂപയുടെ സ്വത്തും കാറും നൽകാമെന്ന് കുടുംബം അറിയിച്ചിരുന്നു. 

എന്നാൽ യുവാവിന്റെ വീട്ടുകാർ 150 പവനും 15 ഏക്കർ ഭൂമിയും ഒരു ബിഎംഡബ്ല്യൂ കാറും സ്ത്രീധനമായി ആവശ്യപ്പെട്ടതായി ഷഹനയുടെ ബന്ധുക്കൾ ആരോപിക്കുന്നു. കുടുംബം സമ്മർദത്തിലായതോടെ. വരൻ വിവാഹത്തിൽനിന്ന് പിൻമാറി. ഇതിന്റെ മനോവിഷമത്തിലാണ് ഷഹന ആത്മഹത്യ ചെയ്തതെന്നു കുടുംബം പറയുന്നു. ഇക്കാര്യങ്ങൾ വിശദമാക്കി കുടുംബം മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി.

ക്ലാസിൽ വരാത്തതിനെ തുടർന്ന് സഹപാഠികൾ താമസസ്ഥലത്തെത്തിയപ്പോൾ മുറി അടച്ച നിലയിലായിരുന്നു. പൊലീസെത്തി തുറന്നപ്പോഴാണ് കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അനസ്‌തേഷ്യയ്ക്കുള്ള മരുന്നു കുത്തിവച്ചാണ് ആത്മഹത്യ ചെയ്തതെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളതായി പൊലീസ് പറഞ്ഞു. പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചാണ് കുറിപ്പിൽ പറയുന്നത്. എല്ലാവർക്കും പണം മതിയെന്നും ആരെയും ബുദ്ധിമുട്ടിക്കാനില്ലെന്നും കുറിപ്പിലുണ്ട്. സഹോദരിയുടെയും സഹോദരന്റെയും വിവാഹം കഴിഞ്ഞു. സഹോദരൻ കംപ്യൂട്ടർ സെന്ററിലെ ജീവനക്കാരനാണ്. വിവാഹത്തിന് ഒരുപാട് പണം ആവശ്യമാണെന്നും ആരും പണം നൽകാനില്ലെന്നും കുറിപ്പിലുണ്ട്.

Tags:    

Similar News