വന്ധ്യംകരണത്തിനായി കൊണ്ട് വന്ന തെരുവ് നായയുടെ കടിയേറ്റ് ഡോക്ടർക്ക് പരുക്ക്; സംഭവം കോഴിക്കോട് ബാലുശേരിയിൽ

Update: 2024-02-22 14:32 GMT

വന്ധ്യംകരണത്തിനായി എ.ബി.സി സെന്റര്‍ കൊണ്ടുവന്ന തെരുവ് നായ ഡോക്ടറെ കടിച്ചു. കോഴിക്കോട് ബാലുശ്ശേരി എ.ബി.സി സെന്ററിലാണ് സംഭവം. ഇന്ന് ശസ്ത്രക്രിയ നടത്താനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടയിലാണ് സെന്ററിലെ വനിതാ ഡോക്ടര്‍ക്ക് കടിയേറ്റത്.

ജില്ലാ പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാലുശ്ശേരിയിലെ വന്ധ്യംകരണ കേന്ദ്രത്തില്‍ ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളില്‍ നിന്നുമുള്ള തെരുവുനായകളെ എത്തിച്ച് വന്ധ്യംകരണം നടത്തുന്നുണ്ട്. ഇന്നും പതിവു പോലെ രാവിലെ ശസ്ത്രക്രിയ ചെയ്യുന്നതിനായി നായകള്‍ക്ക് അനസ്തേഷ്യ നല്‍കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഡോക്ടറെ കടിച്ചത്. ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ കാണിച്ചെങ്കിലും ആഴത്തിലുള്ള മുറിവില്‍ നിന്നും രക്തം വന്നതിനാല്‍ ഇമ്മ്യൂണോ ഗ്ലോബുലിന്‍ എടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ഇതിന് മുന്‍പും എ.ബി.സി സെന്ററിലെ അഞ്ചോളം ജീവനക്കാര്‍ക്ക് വിവിധ സമയങ്ങളിലായി നായയുടെ കടിയേറ്റിരുന്നു. കടിയേല്‍ക്കാന്‍ സാധ്യത കൂടുതല്‍ ഉള്ളതിനാല്‍ മുന്‍കൂട്ടി ആന്റി റാബീസ് വാക്സിന്‍ സ്വീകരിച്ചാണ് ജീവനക്കാര്‍ ജോലി ചെയ്യുന്നത്.

ജില്ലയില്‍ കോര്‍പറേഷന് കീഴിലും ജില്ലാ പഞ്ചായത്തിന് കീഴിലുമായി രണ്ട് എ.ബി.സി സെന്ററുകളാണ് പ്രവര്‍ത്തിക്കുന്നത്. ബാലുശ്ശേരിയിലെ തെരുവ് നായ വന്ധ്യംകരണ കേന്ദ്രം ഒരു വര്‍ഷം മുന്‍പാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇവിടെ ദിവസം പതിനഞ്ചോളം നായകളെ ശസ്ത്രക്രിയ നടത്തുന്നുണ്ട്. കോര്‍പറേഷന് കീഴിലെ എ.ബി.സി സെന്ററില്‍ 10,000 തെരുവ് നായകളെ ശസ്ത്രക്രിയ നടത്തിയതിന്റെ പ്രഖ്യാപനം കഴിഞ്ഞ വര്‍ഷം വിപുലമായി നടത്തിയിരുന്നു. മന്ത്രി പി.എ മുഹമ്മദ് റിയാസാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തിരുന്നത്.

Tags:    

Similar News