സിസേറിയനിലൂടെ ജന്മംനല്‍കിയത് പകര്‍ത്തി വാട്‌സാപ്പില്‍ പങ്കുവെച്ചു; ഡോക്ടര്‍ക്കെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് കോടതി
യുവതി മൂന്നുകുട്ടികള്‍ക്ക് സിസേറിയനിലൂടെ ജന്മംനല്‍കിയത് പകര്‍ത്തി വാട്സാപ്പില്‍പങ്കുവെച്ചതിന് ഡോക്ടര്‍ അടക്കമുള്ളവരുടെപേരില്‍ രജിസ്റ്റര്‍ചെയ്ത കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. കണ്ണൂരിലെ പയ്യന്നൂര്‍ സര്‍ക്കാര്‍ താലൂക്കാശുപത്രിയിലെ ഡോക്ടറായിരുന്ന പി.പി. സുനില്‍, ജീവനക്കാരനായിരുന്ന കെ. സുബൈര്‍ എന്നിവരുടെപേരിലുള്ള കേസാണ് റദ്ദാക്കാനാകില്ലെന്ന് ജസ്റ്റിസ് എ. ബദറുദ്ദീന്‍ വ്യക്തമാക്കിയത്. കേസ് റദ്ദാക്കാനാവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജി തള്ളി. ഇത്തരം ഗൗരവകരമായ കേസുകള്‍ റദ്ദാക്കാനാകില്ലെന്നും കോടതി പറഞ്ഞു.
2014-ലാണ് സംഭവം. സിസേറിയന്റെ വീഡിയോയും ഫോട്ടോയും പ്രതികളെടുത്തിരുന്നു. അന്വേഷണത്തില്‍ പോലീസ് ഇവരുടെ മൊബൈല്‍ഫോണിലും ടാബില്‍നിന്നും ഇവ കണ്ടെടുത്തു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും ഐ.ടി. ആക്ടിലെയും വകുപ്പുകള്‍ പ്രകാരമായിരുന്നു കേസെടുത്തത്. കേസ് നിലനില്‍ക്കില്ലെന്നായിരുന്നു പ്രതികളുടെ വാദം. പ്രതികളുടെ നടപടി യുവതിയുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്ന നടപടിയായിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ എം.പി. പ്രശാന്ത് വാദിച്ചു.