റോബിൻ ബസ് ഉടമയ്ക്ക് വിട്ടു നൽകി മോട്ടോർ വാഹന വകുപ്പ്; നടപടി കോടതി ഉത്തരവിനെ തുടർന്ന്

Update: 2023-12-24 12:11 GMT

ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം റോബിൻ ബസ് ഉടമയ്ക്ക് വിട്ടുകൊടുത്ത് മോട്ടോർ വാഹന വകുപ്പ്. എംവിഡിയുടെ പരിശോധനയ്ക്ക് ശേഷമാണ് ബസ് വിട്ടുകൊടുത്തത്. കഴിഞ്ഞമാസം 24ന് പുലർച്ചെയാണ് റോബിൻ ബസ് പിടിച്ചെടുത്തത്. ബസ് വിട്ടുകൊടുക്കാൻ പത്തനംതിട്ട ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. തുടർന്ന് ഉടമ ഇന്നലെ പൊലീസിനെ സമീപിച്ചെങ്കിലും ബസ് വിട്ടുകൊടുത്തിരുന്നില്ല. കോടതി നിർദേശം പരിഗണിച്ച് ഇന്ന് ബസ് വിട്ടു കൊടുക്കുകയായിരുന്നു. നിലവിലെ നിയമപ്രകാരം മാത്രം ബസിന് സർവീസ് നടത്താമെന്നും അല്ലാത്തപക്ഷം നടപടി നേരിടേണ്ടി വരുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

നിയമലംഘനത്തെ തുടൻന്ന് മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്ത റോബിൻ ബസ് വിട്ടുകൊടുക്കാൻ പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാണ് ഇന്നലെ ഉത്തരവിട്ടത്. ഉടമ പിഴ അടച്ച സാഹചര്യത്തിലാണ് ബസ് വിട്ടുകൊടുക്കാൻ കോടതി ഉത്തരവിട്ടത്. മോട്ടോർ വാഹന വകുപ്പിന് ആവശ്യമെങ്കിൽ വാഹനം പരിശോധിക്കാം. പൊലീസ് എംവിഡിക്ക് സുരക്ഷ നൽകണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.

ഹൈക്കോടതി ഉത്തരവ് തുടർച്ചയായി ലംഘിക്കും വിധം പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് മോട്ടോർവാഹന വകുപ്പ് ബസ് പിടിച്ചെടുത്തത്. നിയമലംഘനങ്ങളുടെ പേരിൽ കനത്ത പിഴയും ചുമത്തിയിരുന്നു. 82,000 രൂപ പിഴ അടച്ചെന്ന് ബസ് നടത്തിപ്പുകാരൻ ഗിരീഷ് പറഞ്ഞിരുന്നു. അടുത്തയാഴ്ച വീണ്ടും പത്തനംതിട്ട കോയമ്പത്തൂർ സർവീസ് തുടങ്ങുമെന്നും ഗിരീഷ് പറഞ്ഞു.

അതേസമയം, റോബിൻ ബസ് ഉടമകളുടെ ഹർജിയിൽ ഹൈക്കോടതിയിൽ കേസ് നടപടികൾ തുടങ്ങുകയാണ്. അടുത്ത മാസം അഞ്ചിനു വീണ്ടും പരിഗണിക്കും. നേരത്തെ നിരന്തരമായി നിയമലംഘനങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഗതാഗത വകുപ്പ് റോബിൻ ബസിന്‍റെ പെർമിറ്റ് റദ്ദാക്കിയിരുന്നു. 2023ലെ ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റൂൾസ് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. നിയമലംഘനങ്ങൾ ഇനിയും ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പെർമിറ്റ് റദ്ദാക്കിയത്. സർക്കാർ നടപടിക്കെതിരെ ബസ് ഉടമകൾ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി പെര്‍മിറ്റ് റദ്ദാക്കിയ മോട്ടോർ വാഹന വകുപ്പ് നടപടി മരവിപ്പിക്കുകയും ചെയ്തിരുന്നു. കോഴിക്കോട് സ്വദേശിയായ കിഷോർ എന്ന പേരിലായിരുന്നു ബസിന്റെ ഓൾ ഇന്ത്യ പെർമിറ്റ്. നടത്തിപ്പ് ചുമതല ഗിരീഷിന് നൽകിയിരിക്കുകയായിരുന്നു. 

Tags:    

Similar News