സൈബർ തട്ടിപ്പുകൾ കൂടുന്നു: കോഴിക്കോട്ട് നഗരത്തിൽ മാത്രം നഷ്ടം 28.71 കോടി

Update: 2024-07-05 07:39 GMT

കഴിഞ്ഞ ഒന്നര വർഷത്തിനിടെ കോഴിക്കോട് നഗരത്തിൽ മാത്രം സൈബർ തട്ടിപ്പിന് ഇരയായവർക്ക് നഷ്ടപ്പെട്ടത് 28.71 കോടി രൂപയാണ്. ഇതിൽ 4.33 കോടി രൂപ മാത്രമാണ് മരവിപ്പിക്കാൻ സാധിച്ചത്. നിക്ഷേപങ്ങളിലും ഓൺലൈൻ ട്രേഡിങ്ങിലും നിക്ഷേപിച്ച് പണം നഷ്ടപ്പെട്ട കേസുകൾ അടുത്തിടെ കൂടിയിട്ടുണ്ട്. കഴിഞ്ഞവർഷം ആകെ ഒൻപത് കേസുകൾ ഉണ്ടായിരുന്നത്, ഈവർഷം ആറുമാസംകൊണ്ട് 27 കേസുകളായി.

വിവിധതരം സൈബർ തട്ടിപ്പുകൾക്ക് കഴിഞ്ഞവർഷം 110 കേസുകൾ രജിസ്റ്റർചെയ്തതിൽ ഈവർഷം ആറുമാസംകൊണ്ട് 61 കേസുകൾ രജിസ്റ്റർ ചെയ്തു. ദിനംപ്രതി സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്നത് കണക്കിലെടുത്ത് ഊർജിതമായ ബോധവത്കരണ പരിപാടികളുമായി രംഗത്തിറങ്ങാൻ സിറ്റി പോലീസ് നടപടികൾ ആരംഭിച്ചു. ഇതിന്റെ ആദ്യഘട്ടമെന്നോണം നഗരത്തിലെ എല്ലാ റെസിഡന്റ്‌സ് അസോസിയേഷനുകൾക്കും പ്രത്യേകം ബോധവത്കരണ ക്‌ളാസുകൾ ഇന്ന് മുതൽ ആരംഭിക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണർ രാജ്പാൽ മീണ അറിയിച്ചു.

സൈബർ പോലീസ് അന്വേഷണത്തിനു പുറമെ പോലീസിനെയും നാട്ടുകാരെയും സഹായിക്കാൻ സൈബർ വൊളന്റിയർമാരെയും നിയമിക്കും. ഇതിനകം 217 വൊളന്റിയർമാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇതിൽ നൂറുപേരുടെ പരിശീലനം പൂർത്തിയായി. നഗരത്തിൽ പൊതുജനങ്ങൾ ഒത്തുകൂടുന്ന റെയിൽവേ സ്റ്റേഷൻ, ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിലെല്ലാം ബോധവത്കരണ സന്ദേശങ്ങൾ അച്ചടിച്ച് വിതരണംചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

Tags:    

Similar News