കേരളത്തിൽ110 കിലോമീറ്റർ വേഗത്തിൽ ട്രെയിനുകൾ ഓടിക്കും; മൂന്ന് മാസത്തിനകം വളവുകൾ നിവർത്തുമെന്ന് റെയിൽവേ

Update: 2024-03-11 10:18 GMT

ട്രെയിനുകളുടെ വേഗം കൂട്ടുന്നതിന് തിരുവനന്തപുരം- മംഗലൂരു പാതയിലെ വളവുകൾ നിവർത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി റെയിൽവേ. മൂന്ന് മാസത്തിനകം വളവുകൾ നിവർത്തൽ പ്രവൃത്തി പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ മനീഷ് തപ്ലിയാൽ മാധ്യമങ്ങളോട് പറഞ്ഞു.

'ഭൂമി ഏറ്റെടുക്കൽ ആവശ്യമില്ലാത്ത പ്രവൃത്തികളിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാരണം ഭൂമി ഏറ്റെടുക്കൽ സമയമെടുക്കുന്ന പ്രക്രിയയാണ്. ട്രെയിനുകൾക്ക് വേഗം കൂട്ടാൻ കഴിയുന്ന തരത്തിൽ വളവുകൾ നിവർത്തുക എന്നതാണ് ഞങ്ങളുടെ ആശയം. ഞങ്ങളുടെ ഡിവിഷന് കീഴിലുള്ള റെയിൽവേ ലൈനുകളിൽ അനുവദനീയമായ പരമാവധി വേഗത മണിക്കൂറിൽ 110 കിലോമീറ്ററാണ്'- ഡിവിഷണൽ റെയിൽവേ മാനേജർ പറഞ്ഞു.

കേരളത്തിൽ വന്ദേഭാരത് എക്‌സ്പ്രസ് കടന്നുപോകുന്നതിന്, പിടിച്ചിടുന്നത് മൂലം മറ്റു ട്രെയിനുകൾ വൈകുന്നതായുള്ള ആരോപണങ്ങൾ ഡിവിഷണൽ റെയിൽവേ മാനേജർ നിഷേധിച്ചു. ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മനീഷ് തപ്ലിയാൽ. മറ്റു ട്രെയിനുകളുടെ സമയത്തിൽ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. എന്നാൽ മറ്റു ട്രെയിനുകൾക്ക് കാലതാമസമില്ലെന്നും മനീഷ് തപ്ലിയാൽ പറഞ്ഞു. വന്ദേ ഭാരത് ട്രെയിനുകൾ കേരളത്തിൽ വലിയ ഹിറ്റാണെന്നും എല്ലാ സംസ്ഥാനങ്ങളും തങ്ങളുടെ സംസ്ഥാനത്തിന് ഒന്ന് വേണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഒരു സ്റ്റേഷൻ, ഒരു ഉൽപ്പന്നം' പദ്ധതി അനുസരിച്ച് ഡിവിഷന് കീഴിൽ 17 കടകൾ പ്രവർത്തിക്കുന്നതായും ഡിവിഷണൽ റെയിൽവേ മാനേജർ അറിയിച്ചു. കൊല്ലം- തിരുപ്പതി ട്രെയിൻ സർവീസിന്റെ ഫ്ലാഗ് ഓഫ് കർമ്മം പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ നിർവഹിക്കാനിരിക്കേയാണ് ഡിവിഷണൽ റെയിൽവേ മാനേജറുടെ പ്രതികരണം.

Tags:    

Similar News