കോൺഗ്രസ് കൊണ്ട് വന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് സിപിഐഎം അംഗങ്ങൾ ; രാമങ്കരി പഞ്ചായത്ത് ഭരണം ഇടപക്ഷത്തിന് നഷ്ടമായി

Update: 2024-05-14 09:45 GMT

ആലപ്പുഴ രാമങ്കരി പഞ്ചായത്തില്‍ സിപിഐഎമ്മിന് ഭരണം നഷ്ടമായി. കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായതിനെത്തുടര്‍ന്നാണ് ഭരണം നഷ്ടമായത്. മൂന്ന് സിപിഐഎം അംഗങ്ങളും അവിശ്വാസ പ്രമേയത്തില്‍ ഒപ്പുവെച്ചിരുന്നു. അഞ്ചിനെതിരെ എട്ടു വോട്ടുകള്‍ക്കാണ് അവിശ്വാസം പാസ്സായത്.

രാങ്കരിയില്‍ കഴിഞ്ഞ 25 വര്‍ഷമായി സിപിഎമ്മാണ് ഭരിച്ചിരുന്നത്. 13 അംഗ പഞ്ചായത്തില്‍ സിപിഎമ്മിന് ഒമ്പതും യുഡിഎഫിന് നാലും അംഗങ്ങളാണുള്ളത്. ഇതില്‍ എട്ടുപേരാണ് അവിശ്വാസത്തെ അനുകൂലിച്ചത്. കുട്ടനാട്ടിലെ സിപിഐഎമ്മിനുള്ളിലെ വിഭാഗീയ പ്രശ്‌നമാണ് ഭരണം നഷ്ടമാകുന്നതിലേക്ക് എത്തിച്ചത്.

മാസങ്ങള്‍ക്ക് മുമ്പ് രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാര്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നിന്നിരുന്നു. വിഭാ​ഗീയത രൂക്ഷമായതോടെ 300 ഓളം സിപിഐഎം പ്രവര്‍ത്തകര്‍ സിപിഐയിലേക്ക് പോയിരുന്നു. രാജേന്ദ്രകുമാറിന്റെ ഒത്താശയോടെയായിരുന്നു ഇതെന്നാണ് ആരോപണം ഉയര്‍ന്നത്.

കൂറുമാറ്റ പ്രശ്‌നം ഉയരുമെന്നതിനാല്‍ രാജേന്ദ്രകുമാര്‍ സിപിഐഎമ്മില്‍ തുടരുകയായിരുന്നു. ഭരണം നഷ്ടമായതിന് പിന്നാലെ സിപിഐഎമ്മുമായിട്ടുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചതായി രാജേന്ദ്രകുമാര്‍ പറഞ്ഞു. ഇനി സിപിഐക്ക് വേണ്ടി പ്രവര്‍ത്തിക്കും. സിപിഐഎമ്മും കോണ്‍ഗ്രസും ഒരുമിച്ച് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമോ എന്നും രാജേന്ദ്രകുമാര്‍ ചോദിച്ചു.

Tags:    

Similar News