ഏകീകൃത കുർബാന തർക്കം; മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധി ഇന്ന് കൊച്ചിയിലെത്തും

Update: 2023-08-04 05:47 GMT

എറണാകുളംഅങ്കമാലി അതിരൂപതയിലെ ഏകീകൃത കുര്‍ബാന തര്‍ക്കം പരിഹരിക്കാന്‍ നിയോഗിക്കപ്പെട്ട മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധി ഇന്ന് കൊച്ചിയിലെത്തും. ഗ്രീക്ക് കത്തോലിക്കാ സഭ ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍ കൊച്ചിയിലെത്തി പൊന്തിഫിക്കല്‍ ഡെലിഗേറ്റായി ചുമതലയേല്‍ക്കും.പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ മുന്‍ സെക്രട്ടറിയും സ്ലൊവാക്യയിലെ ഗ്രീക്ക് കത്തോലിക്കാ സഭയുടെ കൊസിഷെ രൂപതാധ്യക്ഷനുമായിരുന്നു അദ്ദേഹം. ഏകീകൃത കുര്‍ബാനയര്‍പ്പണ രീതി അതിരൂപതയില്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധി പഠിക്കുന്നതിനും പരിഹാര മാര്‍ഗം നിര്‍ദേശിക്കുന്നതിനുമാണ് മാര്‍പാപ്പ പ്രത്യേക പ്രതിനിധിയെ നിയോഗിച്ചിരിക്കുന്നത്.

റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ കാനന്‍നിയമ പ്രൊഫസറും ഈശോസഭാംഗവുമായ ഫാ. സണ്ണി കൊക്കരവാലയില്‍ അദ്ദേഹത്തെ അനുഗമിക്കും.മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധിയായി സിറില്‍ വാസില്‍ പ്രവര്‍ത്തിക്കുമ്പോഴും അതിരൂപതയുടെ ഭരണനിര്‍വഹണചുമതല അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് വഹിക്കും.

2023 മെയ് 4ന് സിറോ മലബാര്‍ സഭയുടെ പെര്‍മനന്റ് സിനഡ് അംഗങ്ങള്‍ വത്തിക്കാനിലെത്തി സെക്രട്ടറി ഓഫ് സ്റ്റേറ്റ് കര്‍ദിനാള്‍ പിയെത്രോ പരോളിനുമായും പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ തലവന്‍ നിയുക്ത കര്‍ദിനാള്‍ ക്ലൗദിയോ ഗുജറോത്തിയുമായും നടത്തിയ ചര്‍ച്ചയില്‍ രൂപപ്പെട്ട നിര്‍ദേശമാണ് ഒരു പൊന്തിഫിക്കല്‍ ഡെലിഗേറ്റിനെ അയയ്ക്കുക എന്നത്.

Tags:    

Similar News