കേടായ ഫോൺ മാറ്റി നൽകിയില്ല; ഉപഭോക്താവിന് നഷ്ടപരിഹാരം, ഫ്ലിപ്കാർട്ടിന് പിഴ വിധിച്ച് ഉപഭോക്തൃ കോടതി

Update: 2024-10-31 07:42 GMT

കേടായ ഫോൺ മാറ്റി നൽകാൻ തയ്യാറാകാതിരുന്ന ഓൺലൈൻ പ്ലാറ്റ്ഫോമായ ഫ്‌ലിപ്കാർട്ടിന് പിഴ. ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് മലപ്പുറം ജില്ലാ ഉപഭോക്തൃ കോടതി വിധിച്ചു. വാറണ്ടി കാലാവധിയിൽ തന്നെ ഫോൺ കേടായെങ്കിലും ഫ്‌ളിപ്കാർട്ട് മാറ്റി നൽകിയില്ലെന്നായിരുന്നു ഉപഭോക്താവിന്റെ പരാതി. 2023 മാർച്ച് 29നാണ് 20402 രൂപയുടെ ഫോൺ ഫ്‌ളിപ്കാർട്ട് വഴി പരാതിക്കാരൻ വാങ്ങിയത്. എന്നാൽ കുറച്ചുനാൾ ഉപയോഗിക്കുമ്പോഴേക്ക് ഫോണിന്റെ മൈക്ക് കേടായി. ആതേ വർഷം മേയ് 13 ന് അദ്ദേഹം തിരൂരിലെ ഈ ഫോണിന്റെ സർവീസ് സെന്ററിൽ കൊണ്ടുപോയി കാണിച്ചു. ഫോൺ 2021 ഏപ്രിലിൽ ഗുജറാത്തിൽ വിൽപന നടത്തിയതാണെന്നും, വാറണ്ടി കഴിഞ്ഞെന്നും അതിനാൽ മാറ്റി നൽകാൻ സാധിക്കില്ലെന്നുമായിരുന്നു സർവീസ് സെന്ററിലെ ജീവനക്കാർ പറഞ്ഞത്.

തുടർന്ന് അന്ന് തന്നെ ഫ്‌ളിപ്കാർട്ടിന് പരാതി നൽകി. എന്നാൽ അവർ പ്രശ്‌നം പരിഹരിച്ചില്ല. പിന്മാറാൻ ഉപഭോക്താവ് തയ്യാറായില്ല. അദ്ദേഹം ജില്ലാ ഉപഭോക്തൃ കോടതിയിൽ പരാതി നൽകി. പരാതിക്കാരന് 25,000 രൂപ നഷ്ടപരിഹാരം നൽകാനാണ് കോടതി വിധിച്ചത്. ഈ ഫോൺ പരാതിക്കാരന് തന്നെ ഉപയോഗിക്കാമെന്നും കോടതി ഉത്തരവിട്ടു. കൂടാതെ ഫോണിന്റെ വിലയായ 20402 രൂപ കോടതി ചെലവിലേക്ക് 5,000 രൂപയും നൽകണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച് ഫ്‌ളിപ്കാർട്ട് പ്രതികരിച്ചിട്ടില്ല.

Tags:    

Similar News