രഹസ്യയോഗവും പരസ്യ പ്രസ്താവനയും; രാജ്‌മോഹൻ ഉണ്ണിത്താനെതിരെ കാസർകോട് കോൺഗ്രസിൽ വിരുദ്ധപക്ഷം

Update: 2023-10-27 05:07 GMT

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കാസർകോട് ലോക്‌സഭാ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി രാജ്‌മോഹൻ ഉണ്ണിത്താന് സാധ്യത ഏറിയതോടെ, പാർട്ടിക്കുള്ളിൽ വിരുദ്ധപക്ഷം സജീവമായി രംഗത്ത്. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയും രഹസ്യ യോഗം വിളിച്ചുമാണ് രാജ്‌മോഹൻ ഉണ്ണിത്താനെതിരെയുള്ള നീക്കം.

സെപ്തംബർ ഒൻപതിന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി കാസർകോട്ട് നടത്തിയ നിരാഹാര സമരം ഉദ്ഘാടനം ചെയ്യാനെത്തിയത് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കാസർകോട് രാജ്‌മോഹൻ ഉണ്ണിത്താൻ വീണ്ടും സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹം പാർട്ടി അണികൾക്കിടയിൽ തന്നെ ശക്തമായത് ഇതിന് ശേഷമായിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനാർത്ഥിയെ വെട്ടാനുള്ള നീക്കവുമായി ഉണ്ണിത്താൻ വിരുദ്ധ പക്ഷം സജീവമായത്.

നീലേശ്വരത്ത് ഒരു ഹോട്ടലിൽ ഈ നേതാക്കൾ രഹസ്യ യോഗം ചേർന്നു. ഒരു പടികൂടി കടന്ന് കെപിസിസി അംഗം കരിമ്പിൽ കൃഷ്ണൻ തന്നെ രാജ്‌മോഹൻ ഉണ്ണിത്താനെതിരെ പരസ്യമായി മാധ്യമങ്ങൾക്ക് മുന്നിലെത്തി. കോൺഗ്രസ് മണ്ഡലം പുനഃസംഘടനയുമായി ബന്ധപ്പെട്ടാണ് പരസ്യ പ്രസ്താവന നടത്തിയത്. എന്നാൽ ലക്ഷ്യം രാജ്‌മോഹൻ ഉണ്ണിത്താൻ തന്നെയെന്ന് വ്യക്തമായി. എന്നാൽ ഡിസിസി നേതൃത്വവും പാർട്ടി സംസ്ഥാന നേതൃത്വവും ഇടപെട്ട് കോൺഗ്രസിൽ നിന്ന് കരിമ്പിൽ കൃഷ്ണനെ സസ്‌പെന്റ് ചെയ്തു.

പിന്നാലെ കോൺഗ്രസ് മണ്ഡലം സമവായ കമ്മറ്റിയിലെ പതിനൊന്നിൽ ആറ് പേരും രാജിവച്ചു. ഇവരെല്ലാം രാജ്‌മോഹൻ ഉണ്ണിത്താൻ വിരുദ്ധരാണെന്നതും ശ്രദ്ധേയം. അതേസമയം കരിമ്പിൽ കൃഷ്ണൻ അഭിപ്രായം പറയേണ്ടത് പാർട്ടിക്കുള്ളിലായിരുന്നുവെന്നും പരസ്യ പ്രസ്താവന പാടില്ലായിരുന്നുവെന്നും ഡിസിസി പ്രസിഡന്റ് ഫൈസൽ പ്രതികരിച്ചു.

Tags:    

Similar News