‘എക്സ്പോസാറ്റ്’ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച ഐഎസ്ആർഒയ്ക്ക് അഭിനന്ദനങ്ങൾ; മുഖ്യമന്ത്രി

Update: 2024-01-01 16:09 GMT

പുതുവർഷ ദിനത്തിൽ ബഹിരാകാശത്തെ എക്സ്റേ തരംഗങ്ങളെ പറ്റി പഠിക്കാനുള്ള ‘എക്സ്പോസാറ്റ്’. ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച ഐഎസ്ആർഒയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ അഭിമാന വിക്ഷേപണ വാഹനമായ പിഎസ്എൽവിയുടെ അറുപതാമത് വിക്ഷേപണമാണ് വിജയകരമായി നടന്നത്.

ബഹിരാകാശ പര്യവേഷണ രംഗത്ത് രാജ്യത്തിന്റെ യശസ്സുയർത്തുന്ന സുപ്രധാന ചുവടുവെപ്പാണിത്. ‘എക്സ്പോസാറ്റ്’ ഉപഗ്രഹ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയ ഐഎസ്ആർഒയ്ക്ക് ബഹിരാകാശ ഗവേഷണ രംഗത്ത് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനാകട്ടേയെന്ന് ആശംസിക്കുന്നു.

തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ്. വനിതാ എൻജീനിയറിങ് കോളേജിലെ വിദ്യാർത്ഥിനികൾ നിർമിച്ച ‘വിസാറ്റ്’ ഉൾപ്പെടെ പത്ത് ചെറു ഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്. കേരളീയർക്ക് ഏറെ അഭിമാനകരമായ നേട്ടമാണിത്. ശാസ്ത്ര, സാങ്കേതിക വിദ്യാ ഗവേഷണ രംഗത്ത് കേരളം കൈവരിച്ച പുരോഗതിയുടെ ദൃഷ്ടാന്തം കൂടിയാണ് ഈ സന്തോഷ വാർത്ത.

ഒരു വിജ്ഞാന സമൂഹമായി കേരളത്തെ മാറ്റിത്തീർക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ ഉദ്യമങ്ങൾക്ക് ഈ നേട്ടം വലിയ ഊർജ്ജം പകരും. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Tags:    

Similar News