മുഖ്യമന്ത്രി എന്തുകൊണ്ട് സ്വർണക്കടത്ത് രാജ്ഭവനെ അറിയിച്ചില്ലെന്ന് ഗവർണർ, റിപ്പോർട്ട് ആവശ്യപ്പെട്ട് കത്ത് നൽകും
സ്വർണക്കടത്ത് പണം ദേശവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിച്ചു എന്നത് ഗൗരവകരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി എന്തുകൊണ്ട് ഈ വിവരം രാജ്ഭവനെ അറിയിച്ചില്ല?. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനോട് റിപ്പോർട്ട് തേടുമെന്നും ഗവർണർ പറഞ്ഞു.
ഈ വിവരം അറിഞ്ഞിട്ടും അക്കാര്യം അറിയിക്കാതെ മുഖ്യമന്ത്രി രാജ്ഭവനെ ഇരുട്ടിൽ നിർത്തി. എന്നാൽ ഇക്കാര്യം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സെപ്റ്റംബർ 21ന് മുഖ്യമന്ത്രി പറഞ്ഞ കാര്യമാണ് ദ ഹിന്ദു ദിനപത്രത്തിലും വന്നത്. റിപ്പോർട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും ഗവർണർ പറഞ്ഞു.
ഫോൺ ചോർത്തലിൽ മുഖ്യമന്ത്രിയിൽ നിന്ന് റിപ്പോർട്ട് തേടിട്ടുണ്ട്. എന്നാൽ ഒരാഴ്ചയായിട്ടും റിപ്പോർട്ട് കിട്ടിയില്ല. കുറച്ചുകൂടി കാത്ത് നിൽക്കും. കിട്ടിയില്ലെങ്കിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.