മനാഫിന്റെ യൂട്യൂബ് പേജും കമന്റും പരിശോധിക്കുന്നു; കുറ്റക്കാരനല്ലെങ്കിൽ ഒഴിവാക്കുമെന്ന് പൊലീസ്
അർജുന്റെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ലോറിയുടമ മനാഫിന്റെ യൂട്യൂബ് പേജും കമന്റും പരിശോധിച്ചു വരികയാണെന്ന് അന്വേഷണ ചുമതലയുള്ള മെഡിക്കൽ കോളേജ് എസിപി. അന്വേഷണത്തിൽ കുറ്റക്കാരനാണെങ്കിൽ മനാഫിനെതിരെ നടപടിയെടുക്കുമെന്ന് എസിപി അറിയിച്ചു. അല്ലെങ്കിൽ എഫ്ഐആറിൽ നിന്നും ഒഴിവാക്കും. കുടുംബത്തിന്റെ ആദ്യ പരാതിയിൽ മനാഫിന്റെ പേരുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആറിൽ ഉൾപ്പെടുത്തിയതെന്നും എസിപി പറഞ്ഞു. സൈബർ ആക്രമണത്തിനെതിരെയാണ് അർജുൻറെ കുടുംബം പരാതി നൽകിയത്.
ലോറി ഉടമ മനാഫ്, സോഷ്യൽ മീഡിയയിലെ പ്രചരണം നടത്തിയവർ തുടങ്ങിയവരെ പ്രതി ചേർത്തുകൊണ്ടാണ് പൊലീസ് കേസെടുത്തത്. സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയ പേജുകൾ പരിശോധിക്കുമെന്നും ഇന്ന് കുടുംബത്തിൻറെ മൊഴി എടുക്കുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ ശക്തമായ നടപടി എടുക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു.
ഇന്നലെ കോഴിക്കോട് കമ്മീഷണർക്കാണ് അർജുന്റെ സഹോദരി അഞ്ജു പരാതി നൽകിയത്. സഹിക്കാനാകാത്ത വിധത്തിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നതെന്നാണ് കുടുംബം നൽകിയ പരാതിയിൽ പറയുന്നത്. ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അർജുൻറെ കുടുംബം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മനാഫ് മാധ്യമങ്ങളിൽ പറഞ്ഞ ചില കാര്യങ്ങൾ മൂലം കടുത്ത സൈബർ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും ഭാര്യയടക്കമുള്ള കുടുംബത്തോടൊപ്പം മാധ്യമങ്ങൾക്ക് മുന്നിലെത്തി അർജുൻറെ സഹോദരി ഭർത്താവ് ജിതിൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മനാഫിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇക്കാര്യത്തിൽ വിശദീകരണവുമായി മനാഫും രംഗത്തെത്തിയിരുന്നു. സൈബർ ആക്രമണം രൂക്ഷമായതോടെ ഇന്നലെ മനാഫ് വാർത്താസമ്മേളനം നടത്തി അർജുൻറെ കുടുംബത്തോട് നിരുപാധികം മാപ്പു പറഞ്ഞു. അർജുൻറെ കുടുംബത്തിനെതിരായ നടക്കുന്ന സൈബർ ആക്രമണങ്ങൾ ഉണ്ടാകരുതെന്നും ഇത്തരം വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും മനാഫ് ആവശ്യപ്പെട്ടിരുന്നു.