ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഓഫീസിന്റെ മറവിൽ മെഡിക്കൽ ഓഫീസർ നിയമനത്തിൽ നടന്ന കോഴ കേസിൽ കുറ്റപത്രം സമർപ്പിച്ചു. കോഴ ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് കുറ്റപത്രത്തിലുളളത്. എഐവൈഎഫ് മുൻ നേതാവും മലപ്പുറം സ്വദേശിയുമായ ബാസിത്താണ് കേസിലെ ഒന്നാം പ്രതി. കോഴിക്കോട് സ്വദേശിയും മുൻ എസ് എഫ് ഐ നേതാവുമായ ലെനിൻ രാജ്, സുഹൃത്തായ റെഗീസ് പത്തനംതിട്ട സിഐടിയു ജില്ലാ കമ്മിറ്റിയുടെ ഓഫീസ് സെക്രട്ടറി അഖിൽ സജീവ് എന്നിവരാണ് മറ്റ് പ്രതികൾ. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്.
മലപ്പുറം സ്വദേശിയായ ഹരിദാസനാണ് കേസിലെ പരാതിക്കാരൻ. സെപ്തംബർ 27നാണ് മലപ്പുറം സ്വദേശിയായ ഹരിദാസൻ ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ കോഴ ആരോപണം ഉന്നയിക്കുന്നത്. മെഡിക്കൽ ഓഫീസർ നിയമനത്തിനായി മന്ത്രിയുടെ പിഎ അഖിൽ മാത്യു സെക്രട്ടറിയേറ്റിന് മുന്നിൽ വച്ച് പണം വാങ്ങിയെന്നായിരുന്നു ആരോപണം. എന്നാൽ അന്വേഷണം മുറുകിയപ്പോൾ പണം നൽകിയത് മുൻ എഐഎസ്എഫ് നേതാവ് ബാസിത്തിനാണെന്നും ആരോപണം ഉന്നയിക്കാൻ പ്രേരിച്ചതും ബാസിത്തെന്നായിരുന്നു ഹരിദാസന്റെ കുറ്റസമ്മത മൊഴി. ഹരിദാസൻ ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് ബാസിത്ത് ഒരു പരാതി തയ്യാറാക്കി മന്ത്രിയുടെ ഓഫീസിൽ നൽകിയിരുന്നു.
ഹരിദാസന്റെ മരുമകൾക്ക് ഉടൻ ജോലി ലഭിക്കുമെന്ന് ആരോഗ്യകേരളത്തിന്റെ പേരിൽ വ്യാജ ഈമെയിൽ സന്ദേശം അയച്ചത് അഖിൽ സജീവും റഹീസും ചേർന്നാണെന്ന് പൊലീസ് കണ്ടെത്തി.