സിദ്ധാർഥന്റെ മരണം: സിബിഐ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചു

Update: 2024-05-07 08:06 GMT

വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ പ്രാഥമിക കുറ്റപത്രം ഹൈക്കോടതിയിൽ ഹാജരാക്കി. കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. കുറ്റപത്രത്തിന്റെ പകർപ്പ് പ്രതികൾക്ക് നൽകാനും ജസ്റ്റിസ് സി.പ്രതീപ് കുമാർ നിർദേശിച്ചു. ജാമ്യഹർജിയിൽ വെള്ളിയാഴ്ച വാദം കേൾക്കും.

സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് 20 വിദ്യാർഥികളാണ് ഇതുവരെ അറസ്റ്റിലായത്. ഇതിൽ പത്തോളം വിദ്യാർഥികളാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ പ്രാഥമിക കുറ്റപത്രം ഹാജരാക്കാൻ സിബിഐക്ക് കോടതി നിർദേശം നൽകിയിരുന്നു. ജാമ്യഹർജിയെ സിബിഐ അന്ന് എതിർക്കുകയും ചെയ്തിരുന്നു. ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നത് എന്നാണ് സിബിഐ വാദം. പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

Tags:    

Similar News