ലൈഫ് വീടുകൾ പൂർത്തിയാക്കാൻ ജാഗ്രത പുലർത്തണം; മുഖ്യമന്ത്രി

Update: 2023-10-06 05:34 GMT

ലൈഫ് മിഷന്റെ വിവിധ പദ്ധതിയിൽ വീട് നിർമാണം പൂർത്തീകരിക്കാൻ ജില്ല തലത്തിൽ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മേഖല യോഗത്തിൽ നിർദേശിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അതി ദാരിദ്ര്യവിഭാഗത്തിൽപ്പെട്ടവർ എങ്ങനെ ലൈഫ് പട്ടികയിൽ പെടാതെ പോയി എന്നത് പരിശോധിച്ച് അവരെ ഉൾപ്പെടുത്താൻ നടപടിയെടുക്കാൻ തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് നിർദേശിച്ചു. അതിദരിദ്രരെ ഇ.പി കാർഡ് ഉപയോഗിച്ച് ലൈഫ് പദ്ധതിയിൽ ചേർക്കാമെന്നും മന്ത്രി പറഞ്ഞു.

ലൈഫ് മിഷനിൽ 2,214 വീടുകൾ പൂർത്തിയായി

ജില്ലയിൽ ലൈഫ് മിഷൻ ഭവന പദ്ധതി 2022- 23 സാമ്പത്തിക വർഷം ലക്ഷ്യമിട്ട 2,450 വീടുകളിൽ 2,214 വീടുകൾ പൂർത്തീകരിച്ചു. 2023-24 സാമ്പത്തിക വർഷം ആകെയുള്ള 4,963 ഗുണഭോക്താക്കളിൽ 4,701 പേർ ഇതിനകം കരാറിൽ ഏർപ്പെട്ടു. 95 ശതമാനം ആണിത്. ഇതിൽ 810 വീടുകൾ പൂർത്തീകരിച്ചു. 3891 വീടുകളുടെ നിർമാണ പ്രവൃത്തി പുരോഗമിക്കുകയാണ്. അതിദാരിദ്ര്യ വിഭാഗത്തിൽനിന്ന് ലൈഫ് പട്ടികയിൽ ഉൾപെട്ടവരിൽ 524 പേർക്ക് വീടും 65 പേർക്ക് വീടും സ്ഥലവും ആവശ്യമുണ്ട്. 320 പേരാണ് കരാർ വെച്ചത്. ഇതിൽ 73 പേർ നിർമാണം പൂർത്തീകരിച്ചു. അതിദാരിദ്ര്യ വിഭാഗത്തിൽ ലൈഫ് ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ടവരിൽ 58 പേർ വീട് വേണ്ടവരും 207 പേർ വീടും സ്ഥലവും ആവശ്യമുള്ളവരുമാണ്. ഭൂരഹിതരും ഭവനരഹിതരുമായ നിരാലംബർക്കായി ലൈഫ് മിഷൻ മൂന്നാംഘട്ടത്തിൽ ഉൾപ്പെടുത്തിയുള്ള ജില്ലയിലെ ആദ്യ ഭവന സമുച്ചയം കടമ്പൂരിലാണ് നിർമിച്ചത്. കടമ്പൂർ ഗ്രാമപഞ്ചായത്ത് നൽകിയ 40 സെന്റ് സ്ഥലത്താണ് പ്രീ ഫാബ് ടെക്‌നോളജിയിലുള്ള ഭവന സമുച്ചയം നിർമിച്ചത്. നാല് നിലകളിലായി 400 ചതുരശ്ര അടിയിൽ 44 ഫ്‌ലാറ്റുകളാണിവിടെയുള്ളത്. പുറമെ ആന്തൂർ, പയ്യന്നൂർ, ചിറക്കൽ, കണ്ണപുരം എന്നിവിടങ്ങളിൽ അനുവദിച്ച ഭവന സമുച്ചയങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്.

ജലപാത സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കണം

കോവളം-ബേക്കൽ ജലപാത പദ്ധതിയുടെ ഭാഗമായി കണ്ണൂർ, കാസർകോട് ജില്ലകളിൽ സ്ഥലം ഏറ്റെടുക്കുന്ന നടപടി വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മേഖല യോഗത്തിൽ ആവശ്യപ്പെട്ടു. സമയബന്ധിതമായി ഭൂമി ഏറ്റെടുക്കാൻ കഴിയണം. നിലവിൽ രണ്ട് ജില്ലകളിൽ മാത്രമാണ് സ്ഥലമേറ്റെടുക്കേണ്ട നടപടി ബാക്കി നിൽക്കുന്നുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമപ്രകാരം ആവശ്യമായ സമയം മാത്രം എടുത്തു നാല് മാസത്തിനകം സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാക്കാൻ റവന്യു മന്ത്രി കെ. രാജൻ നിർദേശിച്ചു. നടപടി വേഗത്തിലാക്കാൻ ഒരു റവന്യൂ ഉദ്യോഗസ്ഥനെ ലേയ്‌സൺ ഓഫിസറായി നിയമിക്കാനും യോഗത്തിൽ തീരുമാനമായി. കോവളം-ബേക്കൽ ജലപാത പദ്ധതിയുടെ ഭാഗമായുള്ള മാഹി-വളപട്ടണം ജലപാതയുടെ 105.80 കിലോമീറ്ററാണ് കണ്ണൂർ ജില്ലയിലൂടെ കടന്നുപോകുന്നത്. തിരുവനന്തപുരം ജില്ലയിലെ കോവളം മുതൽ കാസർകോട് ബേക്കൽ വരെ കനാലുകൾ വികസിപ്പിച്ചാണ് ഉൾനാടൻ ജലപാത പദ്ധതി നടപ്പാക്കുന്നത്. പെരിങ്ങത്തൂർ മുതൽ പയ്യന്നൂർ കൊറ്റി വരെയാണ് ജില്ലയിൽ ജലപാത. 27.35 കിലോ മീറ്റർ കനാലും എരഞ്ഞോളി മുതൽ പെരുമ്പ പുഴവരെ 65 കിലോ മീറ്റർ പുഴയും 3.85 കിലോ മീറ്റർ സൂൽത്താൻ കനാലും ജലപാതയുടെ ഭാഗമാണ്. മൂന്ന് ഭാഗങ്ങളിലായി 27.25 കിലോ മീറ്റർ നീളത്തിൽ കനാൽ നിർമ്മാണം ഉൾപ്പെടുന്ന പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കാനുള്ള സർവേ നടപടികൾ പൂർത്തിയായി. ആദ്യ റീച്ചിൽ ഒരു ജലപാത ടണലും മൂന്നാം റീച്ചിൽ മൂന്ന് ജലപാത ടണലും നിർമിക്കണം. ഇതിന്റെ സാധ്യതപഠനത്തിനായി കൊങ്കൺ റെയിൽവേ കോർപറേഷനെ നിയോഗിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം ഒന്നാംഘട്ടം ജനുവരിയിൽ

അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ ഒന്നാംഘട്ടം 2024 ജനുവരിയിൽ പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളെ ഉൾപ്പെടുത്തി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ നടത്തിയ മേഖല അവലോകന യോഗത്തിലാണ് നിർദേശം. പടിയൂർ- കല്യാട് പഞ്ചായത്തിലെ കല്യാട് തട്ടിൽ 311 ഏക്കറിൽ 300 കോടി രൂപ ചെലവിലാണ് കേന്ദ്രം നിർമിക്കുന്നത്. പ്രവൃത്തി നിശ്ചിത സമയപരിധിക്കുള്ളിൽ തീർക്കാൻ തീവ്രശ്രമം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ വലിയ സമ്പത്തായിരിക്കും ഈ കേന്ദ്രം. വേഗത്തിൽ പ്രവൃത്തി മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യഘട്ട നിർമാണ പ്രവൃത്തിക്ക് 2019 ഫെബ്രുവരി 22നാണ് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടത്. കോവിഡും പ്രളയവുമുൾപ്പെടെയുള്ള പ്രതിസന്ധികളെ തുടർന്ന് പ്രവൃത്തി ആരംഭിക്കാൻ വൈകുകയായിരുന്നു. കിഫ്ബി അനുവദിച്ച 59.93 കോടി ഉപയോഗിച്ച് ആശുപത്രി കെട്ടിടം, മാനുസ്‌ക്രിപ്റ്റ് സെന്റർ, ആയുർവേദ ഔഷധ നഴ്‌സറി, ജൈവമതിൽ എന്നിവയാണ് ആദ്യഘട്ടത്തിൽ പൂർത്തിയാവുക. ഏകദേശം 1,80,000 ചതുരശ്ര അടി വിസ്തീർണമുള്ള ഒന്നാംഘട്ട നിർമാണ പ്രവൃത്തി പൂർത്തിയാക്കാൻ 69.73 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

കണ്ണൂരിൽ സ്ഥിരം ഹജ്ജ് ക്യാമ്പ് പരിഗണനയിൽ

ഹജ്ജ് പുറപ്പെടൽ കേന്ദ്രമായി ഉൾപ്പെടുത്തിയ കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ സ്ഥിരം ഹജ്ജ് ക്യാമ്പിന് നടപടിക്ക് നിർദേശം. ഇതിന് സ്ഥലം ലഭ്യമാക്കുന്നതിന്റെ സാധ്യത പരിശോധിക്കാൻ കിയാലിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഈ വർഷം ഹജ്ജ്പുറപ്പെടൽ കേന്ദ്രമായി ഉൾപ്പെടുത്തിയ എയർപോർട്ടിന്റെ കാർഗോ കോംപ്ലക്‌സിൽ താൽക്കാലികമായാണ് ഹജ്ജ് ക്യാമ്പ് നിർമിച്ചത്. ഹജ്ജ് തീർഥാടനം കഴിഞ്ഞയുടൻ അത് പൊളിച്ചുനീക്കിയിരുന്നു. തുടർന്നുള്ള വർഷങ്ങളിലും എയർപോർട്ട് ഹജ്ജ് പുറപ്പെടൽ കേന്ദ്രമായി ഉൾപ്പെടുത്താൻ സാധ്യതയുള്ളതിനാലാണ് സ്ഥിരം ഹജ്ജ് ക്യാമ്പ് നിർമിക്കണമെന്ന ആവശ്യമുയർന്നത്. മലബാറിലെ ഹജ്ജ് തീർഥാടകർക്ക് സൗകര്യപ്രദമായ വിമാനത്താവളമാണ് കണ്ണൂർ. വിമാനത്താവളത്തിന്റെ പുരോഗതിക്ക് മുതൽക്കൂട്ടാവുന്ന ഒരു ഘടകം കൂടിയാണിത്. ഈ വർഷം രണ്ടായിരത്തോളം ഹാജിമാരാണ് കണ്ണൂരിൽനിന്ന് ഹജ്ജ് തീർഥാടനത്തിന് പോയത്.

3,849 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽനിന്ന് മുക്തരാക്കും

ജില്ലയിൽ അതിദരിദ്രരായവരിൽ 93 ശതമാനം പേരെയും 2024 നവംബറോടെ ദാരിദ്ര്യ മുക്തരാക്കാനുള്ള പ്രവർത്തനങ്ങൾ നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ കോഴിക്കോട് നടത്തിയ മേഖല അവലോകന യോഗത്തിലാണ് നിർദേശം. സർവേയിലൂടെ 4,208 അതിദരിദ്ര കുടുംബങ്ങളെയാണ് ജില്ലയിൽ കണ്ടെത്തിയത്. ഇതിൽനിന്ന് 3,958 ഗുണഭോക്താകൾക്കുള്ള മൈക്രോ പ്ലാനുകൾ തയാറാക്കി. അതിദാരിദ്ര്യ നിർമാർജനത്തിന്റെ ഭാഗമായുള്ള അവകാശം അതിവേഗം പദ്ധതി പ്രകാരം അതിദരിദ്രരിൽ 135 പേർക്ക് ആരോഗ്യ ഇൻഷുറൻസ്, 615 പേർക്ക് ഇലക്ഷൻ തിരിച്ചറിയൽ കാർഡ്, 412 പേർക്ക് ആധാർ കാർഡ്, 262 പേർക്ക് റേഷൻകാർഡ്, 73 പേർക്ക് സാമൂഹിക സുരക്ഷാ പെൻഷൻ. 147 പേർക്ക് തൊഴിലുറപ്പ് തൊഴിൽ കാർഡ്, 71 പേർക്ക് ബാങ്ക് അക്കൗണ്ട്, 13 പേർക്ക് കുടുംബശ്രീ അംഗത്വം, 19 പേർക്ക് ഗ്യാസ് കണക്ഷൻ, 22 പേർക്ക് ഭിന്നശേഷി തിരിച്ചറിയൽ കാർഡ്, 10 പേർക്ക് വീട് വയറിങ്, അഞ്ചുപേർക്ക് പ്രോപ്പർട്ടി സർട്ടിഫിക്കറ്റ് എന്നിവ വിതരണം ചെയ്തു. മഴക്കാലത്തെ മണ്ണൊലിപ്പിനെ തുടർന്ന് വീടുകൾ അപകടാവസ്ഥയിലായ ചിറക്കൽ കുണ്ടൻചാൽ കോളനിയിലെ 32 കുടുംബങ്ങളെ പുനരധിവസിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കോഴിക്കോട് നടന്ന മേഖലതല അവലോകന യോഗത്തിലാണ് തീരുമാനം.

ലൈഫ് പദ്ധതിയിൽപെടുത്തി ഓരോ കുടുംബങ്ങൾക്കും വീട് നിർമിച്ചു നൽകുകയോ കാട്ടാമ്പള്ളിയിൽ ഭവന സമുച്ചയം നിർമിക്കുകയോ ചെയ്യാനാണ് ആലോചന. ഇതിനുള്ള പദ്ധതി ശിപാർശ തയാറാക്കി സർക്കാറിന് സമർപ്പിച്ചതായി ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ പറഞ്ഞു. വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതോടെ സംരക്ഷണം ആവശ്യപ്പെട്ട് പ്രദേശവാസികൾ കെ.വി. സുമേഷ് എം.എൽ.എക്ക് നിവേദനം സമർപ്പിച്ചിരുന്നു. തുടർന്ന് ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടറും എസ്.സി ഡെവലപ്മെന്റ് ഓഫിസറും പ്രദേശത്ത് പരിശോധന നടത്തി. കോഴിക്കോട് എൻ.ഐ.ടി സംഘം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ നേരത്തെ ഗുരുതര പ്രശ്നങ്ങളുള്ള കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. കൂടുതൽ അപകട സാധ്യത മുന്നിൽകണ്ടാണ് ഇവിടെയുള്ള മുഴുവൻ കുടംബങ്ങളെയും മാറ്റിപാർപ്പിക്കാനുള്ള പദ്ധതി തയാറാക്കുന്നത്.

Tags:    

Similar News