ഇല്ലുമിനാറ്റി പാട്ട് സഭാ വിശ്വാസങ്ങൾക്ക് എതിര്, സിനിമയിൽ മുഴുവൻ അടിയും കുടിയും; ബിഷപ്പ് ജോസഫ് കരിയിൽ

Update: 2024-05-25 08:14 GMT

മഞ്ഞുമ്മൽ ബോയ്‌സ്, പ്രേമലു, ആവേശം എന്നീ സിനിമകൾക്കെതിരെ വിമർശനവുമായി ബിഷപ്പ് ജോസഫ് കരിയിൽ. സിനിമകൾ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ബിഷപ്പ് കുറ്റപ്പെടുത്തി. കൊച്ചിയിൽ കുട്ടികൾക്കായി സഭ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു വിമർശനം. ആവേശം സിനിമയിലെ ഇല്യുമിനാറ്റി എന്ന പാട്ട് സഭാ വിശ്വാസങ്ങൾക്കെതിരാണ്. ഇത്തരം സിനിമകളെ നല്ല സിനിമകളെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കുകയാണെന്നും ബിഷപ്പ് വിമർശിച്ചു.

'ഇപ്പോഴത്തെ കുട്ടികളോട് പാട്ടുപാടാൻ പറഞ്ഞാൽ എല്ലാവരും ഇല്യുമിനാറ്റി എന്ന് പറയും. എന്നാൽ ഇല്യുമിനാറ്റി എന്നത് സഭാ വിശ്വാസങ്ങൾക്കെതിരായി നിൽക്കുന്ന സംഘടനയാണെന്ന് പലർക്കും അറിയില്ല. ആവേശം സിനിമയിൽ മുഴുവൻ നേരവും അടിയും ഇടിയും കുടിയുമാണ്. ബാറിലാണ് മുഴുവൻ നേരവും. അക്രമവും അടിപിടിയുമാണ്. ഇല്യുമിനാറ്റി എന്നത് നമ്മുടെ മതത്തിനും മറ്റെല്ലാത്തിനും എതിരെ നിൽക്കുന്ന സംഘടനയാണ്. പ്രേമലു സിനിമയെടുത്താലും അവിടെയും അടിയും കുടിയുമൊക്കെ തന്നെയാണ്'- ബിഷപ്പ് ചൂണ്ടിക്കാട്ടി.

ഫഹദ് ഫാസിൽ നായകനായി ജിതു മാധവൻ രചനയും സംവിധാനവും നിർവഹിച്ച ആവേശം നൂറുകോടി ക്ളബിൽ ഇടംനേടിയ സിനിമയാണ്. രോമാഞ്ചത്തിനുശേഷം ജിതു മാധവൻ സംവിധാനം ചെയ്യുന്ന ആവേശം അൻവർ റഷീദ് എന്റടെയ്മെൻന്റ്‌സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സിന്റെ ബാനറിൽ നസ്രിയ നസിമും ചേർന്നാണ് നിർമ്മിച്ചത്.

Tags:    

Similar News