ജനിതകവ്യത്യാസമുണ്ടായാൽ മനുഷ്യനിലേക്ക് പടരും; പക്ഷിപ്പനിയിൽ കനത്ത ജാഗ്രതയുമായി സർക്കാർ

Update: 2024-06-17 06:17 GMT

പക്ഷിപ്പനിയിൽ ജാഗ്രത ശക്തമാക്കി സംസ്ഥാന സർക്കാർ. വൈറസിന് ജനിതകമാറ്റമുണ്ടായാൽ മനുഷ്യനിലേക്ക് പടരാനുള്ള സാദ്ധ്യതയുള്ളതിനാലാണ് ആരോഗ്യ വകുപ്പിന്റെ നടപടി. ഏപ്രിലിലാണ് കേരളത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്. എന്നാൽ ഇതുവരെ നടത്തിയ പരിശോധനകളിലൊന്നും തന്നെ മനുഷ്യരിൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ത്യയിൽ തന്നെ പശ്ചിമ ബംഗാളിൽ നാല് വയസുകാരിക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ജാഗ്രത നടപടി ശക്തമാക്കുന്നത്.

പക്ഷിപ്പനി ബാധിച്ച് മെക്സിക്കോയിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തിരുന്നു. പശ്ചിമബംഗാളിലെ പുതിയ കേസുൾപ്പെടെ ഇതുവരെ രാജ്യത്ത് രണ്ടുകേസാണ് മനുഷ്യരിൽ റിപ്പോർട്ടുചെയ്തത്. 2019-ലായിരുന്നു ആദ്യത്തേത്. എച്ച് 5 എൻ 2 വൈറസാണ് ആലപ്പുഴയിൽ സ്ഥിരീകരിച്ചത്. ഇതേ വൈറസാണ് മെക്സിക്കോയിൽ മനുഷ്യജീവനെടുത്തത്. എന്നാൽ, ബംഗാളിലെ കുട്ടിയിൽ എച്ച് 9 എൻ 2 വൈറസാണ് കണ്ടെത്തിയത്. സാധാരണ ഈ രണ്ടുവൈറസുകളും മനുഷ്യരിലേക്ക് അപൂർവമായേ പകരാറുള്ളൂ. എന്നാൽ, ജനിതകവ്യതിയാനം സംഭവിച്ചാൽ മനുഷ്യരിലേക്കു പടരാനുള്ള സാദ്ധ്യതയേറെയാണ്. അതിനാലാണ് ജാഗ്രത ശക്തമാക്കിയതെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്. പക്ഷികളുമായി സമ്പർക്കത്തിലേർപ്പെടുന്നവർക്ക് പനിയുൾപ്പെടെയുള്ള രോഗലക്ഷണങ്ങളുണ്ടായാൽ സ്രവപരിശോധന നടത്തും. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് അതിനുള്ള സൗകര്യമുള്ളത്. പോസിറ്റീവ് കേസുകൾ കണ്ടെത്തിയാൽ ചികിത്സ നൽകാൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സജ്ജമാണ്. വെന്റിലേറ്ററോടുകൂടിയ ഐസിയു സംവിധാനം പക്ഷിപ്പനി റിപ്പോർട്ട് ചെയ്തപ്പോൾ ഒരുക്കിയിരുന്നു.

Tags:    

Similar News