ബാർ കോഴ ഇടപാടിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം; സുപ്രീം കോടതി തള്ളി

Update: 2024-09-10 08:59 GMT

യുഡിഎഫ് സർക്കാരിന്റെ കാലത്തെ ബാർ കോഴ ഇടപാടിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാർ, കെ. ബാബു, ജോസ് കെ മാണി എന്നിവർക്കെതിരേ സിബിഐ അന്വേഷണം വേണമെന്ന ആവശ്യമാണ് തള്ളിയത്. ജസ്റ്റിസുമാരായ എം.എം സുന്ദരേഷ്, പങ്കജ് മിത്തൽ എന്നിവർ അടങ്ങിയ ബെഞ്ചാണ് ആവശ്യം തള്ളിയത്.

പൊതു പ്രവർത്തകനായ പി.എൽ. ജേക്കബാണ് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. 2015-ൽ എക്സൈസ് മന്ത്രിയായിരുന്ന കെ. ബാബു, ബാർ ലൈസൻസുകൾ പുതുക്കുന്നതിനും, ലൈസൻസ് തുക കുറയ്ക്കുന്നതിനുമായി ഒരു കോടി രൂപ കൈപ്പറ്റിയിരുന്നുവെന്ന് ബാർ ഉടമകളുടെ സംഘടനയുടെ പ്രസിഡന്റ് ആരോപിച്ചിരുന്നുവെന്ന് ജേക്കബിനുവേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതിനുപുറമെ അന്നത്തെ ധനകാര്യമന്ത്രി, ആഭ്യന്തരമന്ത്രി, ആരോഗ്യമന്ത്രി എന്നിവരും കോഴ വാങ്ങിയെന്നും വെളിപ്പെടുത്തൽ ഉണ്ടായിരുന്നുവെന്നും പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി.

അക്കാലത്തെ ധനമന്ത്രിക്ക് ആരോപണം പിൻവലിക്കാൻ പത്ത് കോടി രൂപ അദ്ദേഹത്തിന്റെ മകൻ വാഗ്ദാനം ചെയ്തുവെന്ന് ബാർ ഉടമകളുടെ സംഘടനാ പ്രസിഡന്റ് വെളിപ്പെടുത്തിയിരുന്നുവെന്നും പ്രശാന്ത് ഭൂഷൺ സുപ്രീം കോടതിയിൽ വാദിച്ചു. സർക്കാരിലെ പ്രധാനപ്പെട്ട വ്യക്തികൾ ഉൾപ്പെട്ട കേസ് ആയതിനാൽ സംസ്ഥാന വിജിലൻസ് അന്വേഷിച്ചാൽ കുറ്റക്കാർ രക്ഷപ്പെടുമെന്ന ആശങ്കയും പ്രശാന്ത് ഭൂഷൺ കോടതിയിൽ പങ്കുവെച്ചു. എന്നാൽ ഒരാളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മാത്രം സിബിഐ അന്വേഷണത്തിന് ഉത്തരവിടാൻ ആകില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. കേരളത്തിൽ ഇക്കാര്യം അന്വേഷിക്കാൻ ലോകായുക്ത ഇല്ലേയെന്നും സുപ്രീം കോടതി ആരാഞ്ഞു.

ഹർജിക്കാരൻ പരാതിയിൽ ഉറച്ച് നിൽക്കുകയാണെങ്കിൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. മജിസ്‌ട്രേറ്റ് കേസ് രജിസ്റ്റർ ചെയ്യുകയാണെങ്കിൽ ആ അന്വേഷണം സിബിഐയ്ക്ക് കൈമാറാൻ ഹർജിക്കാരന് കോടതിയെ സമീപിക്കാവുന്നതാണെന്നും സുപ്രീം കോടതി അറിയിച്ചു. സംസ്ഥാന സർക്കാരിനുവേണ്ടി സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും, സ്റ്റാന്റിംഗ് കോൺസൽ സി.കെ ശശിയും ഹാജരായി. എന്നാൽ ഇരുവരോടും കോടതി നിലപാട് പ്രത്യേകമായി ആരാഞ്ഞില്ല.

കോടതി ആവശ്യപ്പെട്ടാൽ അന്വേഷണം ഏറ്റെടുക്കാമെന്ന് വ്യക്തമാക്കി സിബിഐ നേരത്തെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നുവെങ്കിലും, കോടതി ഇന്ന് കേന്ദ്ര സർക്കാർ അഭിഭാഷകരോടും നിലപാട് ആരാഞ്ഞില്ല.

Tags:    

Similar News