നിപ ബാധിച്ച മരിച്ച ആയഞ്ചേരി മംഗലാട് സ്വദേശി നാൽപതുകാരൻറെ മൃതദേഹം സംസ്‌കരിച്ചു. കടമേരി ജമാഅത്ത് പള്ളി ഖബറിസ്ഥാനിലാണ് ഖബറടക്കിയത് . പ്രോട്ടോക്കോൾ പാലിച്ചായിരുന്നു സംസ്‌കാരം ചടങ്ങുകൾ നടന്നത്. കഴിഞ്ഞ മാസം 30 ന് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ട 45 വയസുകാരനുമായുള്ള സമ്പർക്കത്തിൽ നിന്നാണ് ഇവർക്ക് രോഗ ബാധയുണ്ടായതെന്ന് സ്ഥിരീകരിച്ചതിനാൽ അതും നിപ ബാധയെന്ന നിഗമനത്തിൽ ആരോഗ്യവകുപ്പ് എത്തുകയായിരുന്നു.
മരണപ്പെട്ട മരുതോങ്കര സ്വദേശിയുടെ 9 വയസുള്ള മകനും ഭാര്യ സഹോദരനുമാണ് നിപ ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ 9 വയസുകാരൻ വെന്റിലേറ്ററിൽ തുടരുകയാണ്. മരിച്ചയാളുടെ നാലുവയസുള്ള മകളുടെയും ഭാര്യസഹോദരന്റെ പത്തുമാസം പ്രായമുള്ള കുഞ്ഞിന്റെയം പരിശോധനാ ഫലം നെഗറ്റീവാണ്. മരണപ്പെട്ട രണ്ടുപേർക്കുമായി 168 പേരുടെ സമ്പർക്ക് പട്ടികയാണ് ആരോഗ്യവകുപ്പ് തയാറാക്കിയത്. ഇവർ നിരീക്ഷണത്തിലാണ്. രോഗബാധിതരുടെ റൂട്ട് പ്രസിദ്ധീകരിക്കും. കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ച വാർഡുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
നിപ സ്ഥിരീകരിച്ചതിനെത്തുടർന്ന് ഏഴുപഞ്ചായത്തുകളിലായി 43 വാർഡുകൾ കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചു. ജില്ലയിൽ ആരോഗ്യജാഗ്രത പ്രഖ്യാപിച്ചു. ജില്ലയിള്ളവർ മാസ്‌ക് ഉപയോഗിക്കുന്നത് അഭികാമ്യമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മരണപ്പെട്ട രണ്ടു പേർക്കും ചികിത്സയിലിരിക്കുന്ന രണ്ടു പേർക്കും നിപയാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. നിപ ബാധിച്ചവരുമായ സമ്പർക്കത്തിലുള്ളവരെ നിരീക്ഷിക്കും. കോഴിക്കോട് സ്വകാര്യ ആശുപത്രയിൽ തിങ്കളാഴ്ച മരണപ്പെട്ട വടകര ആയഞ്ചേരി സ്വദേശിയുടെയും ചികിത്സയിലുള്ള രണ്ടുപേരുടെയും സാമ്പിളാണ് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിൽ പോസിറ്റീവായത്. അതേസമയം, രോഗലക്ഷണമുളളവർ സ്വന്തം നിലയിൽ യാത്ര ചെയ്യാതെ ആരോഗ്യവകുപ്പിനെ ബന്ധപ്പെട്ട് ചികിത്സ തേടണമെന്നാണ് നിർദേശം. വവ്വാലും മറ്റും കടിച്ച പഴങ്ങൾ കഴിക്കാതിരിക്കുക,തുറന്നിരിക്കുന്ന വെള്ളം ഉപയോഗിക്കാതിരിക്കുക തുടങ്ങിയ നിർദേശങ്ങളം ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്..കോഴിക്കോട് നിപ സ്ഥീരീകരിച്ച പശ്ചാത്തലത്തിൽ കണ്ണൂർ, വയനാട്, മലപ്പുറം എന്നീ അയൽ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.