അബ്ദുൾ സത്താറിന്റെ ആത്മഹത്യയിൽ പോലീസിനെതിരേ പരാതി; കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് കുടുംബം
കാസർകോട് നഗരത്തിൽ ഓട്ടോ ഡ്രൈവറായിരുന്ന അബ്ദുൾ സത്താറിന്റെ ആത്മഹത്യയിൽ പോലീസിനെതിരേ പരാതിയുമായി കുടുംബം രംഗത്ത്. പോലീസുകാരനായ അനൂപിൽ നിന്നും നേരിട്ട മാനസിക പീഡനത്തിൽ മനംനൊന്താണ് സത്താർ ആത്മഹത്യ ചെയ്തതെന്നും പോലീസുകാരനെതിരേ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്നുമാണ് അബ്ദുൾ സത്താറിന്റെ കുടുംബത്തിന്റെ ആവശ്യം.
ഓട്ടോറിക്ഷ പൊലീസ് പിടിച്ചുവെച്ചിട്ട് നാല് ദിവസമായെന്നും വീട് പട്ടിണിയിലായതിനാൽ ആത്മഹത്യ ചെയ്യുകയാണെന്നും ഫെയ്‌സ്ബുക്ക് ലൈവിലൂടെ പുറംലോകത്തെ അറിയിച്ചശേഷമാണ് അറുപതുകാരനായ അബ്ദുൾ സത്താർ വാടക മുറിയിൽ ജീവനൊടുക്കിയത്. ലൈവ് കണ്ട് താമസസ്ഥലത്തേക്ക് ആളുകൾ എത്തുമ്പൊഴേക്കും മരണം സംഭവിച്ചിരുന്നു എന്നും മരിക്കുന്നതിന്റെ തലേദിവസം പോലീസ് വണ്ടി വിട്ടുകൊടുക്കാത്തതിന്റെ നിരാശയും പ്രയാസം സത്താർ പങ്കുവെച്ചിരുന്നുവെന്നും ഒരു ബന്ധു പറഞ്ഞു. മരണകാരണമായത് എസ്‌ഐയുടെ ദാർഷ്ട്യമെന്ന് കുടുംബം ആരോപിച്ചു. ഡിവൈഎസ്പി പറഞ്ഞിട്ടും എസ് ഐ വണ്ടി വിട്ടുകൊടുത്തില്ലെന്നാണ് ആരോപണം.
കർണാടക മംഗളൂരു സ്വദേശിയായ അബ്ദുൽ സത്താർ അഞ്ച് വർഷത്തോളമായി കാസർക്കോട് നഗരത്തിൽ ഓട്ടോ ഡ്രൈവറാണ്. റെയിൽവേ സ്റ്റേഷനു സമീപത്തെ ക്വാർട്ടേഴ്സിൽ 250 രൂപ ദിവസവാടകയ്ക്കാണ് താമസം. മരിക്കുന്നതിന് നാല് ദിവസം മുമ്പ് വൈകീട്ട് കാസർകോട് നെല്ലിക്കുന്ന് ഗീത ജംഗ്ഷൻ റോഡിൽ വെച്ച് അബ്ദുൽ സത്താർ ഓടിച്ച ഓട്ടോറിക്ഷ പൊതുജനങ്ങൾക്കും യാത്രക്കാർക്കും മാർഗതടസ്സമുണ്ടാക്കിയെന്ന് പറഞ്ഞാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
വായ്പയെടുത്താണ് ഓട്ടോറിക്ഷ വാങ്ങിയതെന്നും ഹൃദ്രോഗിയാണെന്നും ഓട്ടോറിക്ഷ വിട്ടുതരണമെന്നും കരഞ്ഞുപറഞ്ഞിട്ടും പലതവണ പൊലീസ് സ്റ്റേഷൻ കയറി ഇറങ്ങിയിട്ടും എസ്‌ഐ അനൂപ് ഓട്ടോറിക്ഷ വിട്ടുനൽകിയില്ലെന്നാണ് പരാതി. തുടർന്ന് സത്താർ കാസർകോട് ഡിവൈ എസ്.പി സി.കെ. സുനിൽകുമാറിന്റെ ഓഫീസിൽ നേരിട്ടെത്തി പരാതി അറിയിച്ചു. പിഴയടച്ച് വണ്ടി വിട്ടുകൊടുക്കാൻ ഡി.വൈ.എസ്.പി നിർദേശം നൽകിയെങ്കിലും എസ് ഐ വണ്ടി വിട്ടുനൽകാൻ തയ്യാറായില്ലെന്നും ഇന്ന് വാ, നാളെ വാ എന്ന് പറഞ്ഞ് പീഡിപ്പിക്കുകയായിരുന്നു എന്നും സത്താർ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നുണ്ട്.
കാസർകോട് സത്താർ താമസിക്കുന്ന മുറി വാടക, മംഗലാപുരത്ത് കുടുംബം താമസിക്കുന്ന വീടിന്റെ വാടക, വീട്ടുചെലവ്, 23ഉം 12ഉം വയസ്സുള്ള കുട്ടികളുടെ പഠനം, ഓട്ടോറിക്ഷയുടെ ലോൺ, ഹൃദ്രോഗിയായ സത്താറിന്റെ മരുന്നിനുള്ള പണം തുടങ്ങി എല്ലാം ചെലവുകളും ഓട്ടോറിക്ഷ ഓടിച്ച് കിട്ടുന്ന പണം കൊണ്ടാണ് സത്താർ നടത്തിപ്പോന്നത്. അഞ്ച് ദിവസം വണ്ടി സ്റ്റേഷനിൽ പിടിച്ചിട്ടതോടെ സത്താർ മാനസികമായി തളർന്നുപോയെന്നും ഈ വിഷമം മരിക്കുന്നതിന്റെ തലേദിവസം വിളിച്ചപ്പോൾ പറഞ്ഞിരുന്നെന്നും ബന്ധു പറയുന്നു.
തിങ്കളാഴ്ച വൈകീട്ട് ഫെയ്‌സ്ബുക്ക് ലൈവിൽ തനിക്ക് നേരിടേണ്ടിവന്ന പീഡനം തുറന്നുപറഞ്ഞ് എസ്.ഐ അനൂപിനെ പേരെടുത്ത് വിമർശിച്ച് സത്താർ ജീവനൊടുക്കുയും ചെയ്തു. സത്താറിന്റെ മരണത്തിൽ ഓട്ടോ ഡ്രൈവർമാർ പ്രതിഷേധം ഉയർത്തിയതോടെ ആരോപണവിധേയനായ എസ്‌ഐ അനൂപിനെ ചന്തേര സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. എന്നാൽ ഈ നടപടി പോരെന്നും കൊലക്കുറ്റത്തിന് കേസെടുക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. സത്താറിന്റെ മരണനാന്തര ചടങ്ങുകൾ പൂർത്തിയാക്കിയശേഷം പരാതി നൽകാനാണ് കുടുംബം ആലോചിക്കുന്നത്. ഇല്ലാതായത് കുടുംബത്തിന്റെ ഏക ആശ്രയമാണെന്നും അതിന് അർഹമായ നഷ്ടപരിഹാരം വേണമെന്നുമാണ് കുടുംബം ആവശ്യപ്പെടുന്നത്. വിദേശത്ത് ഡ്രൈവറായിരുന്ന സത്താർ ഹൃദ്രോഗത്തെ തുടർന്നാണ് നാട്ടിലേക്ക് മടങ്ങിയത്. ശസ്ത്രക്രിയക്കുശേഷം ലോണെടുത്ത് ഓട്ടോ വാങ്ങി കാസർക്കോട് നഗരത്തിൽ ഓട്ടോ ഓടിക്കാൻ തുടങ്ങി.