ജോണ്‍ ഫെര്‍ണാണ്ടസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം; കെ.ജെ. ജേക്കബിനോട് സി.പി.എം. വിശദീകരണം തേടി, തൃപ്തികരമല്ലെങ്കില്‍ നടപടി

Update: 2024-10-11 07:24 GMT

എറണാകുളത്തെ മുതിര്‍ന്ന നേതാവ് കെ.ജെ. ജേക്കബിനോട് സിപിഎം വിശദീകരണം തേടി. മുന്‍ എം.എല്‍.എ. ജോണ്‍ ഫെര്‍ണാണ്ടസിനെതിരേ പരാതി നല്‍കാന്‍ പലരേയും നിര്‍ബന്ധിച്ചുവെന്നും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമുള്ള കണ്ടെത്തലിനെ തുടര്‍ന്നാണ് പാര്‍ട്ടി വിശദീകരണം തേടിയത്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ കടുത്ത നടപടി ഉണ്ടായേക്കുമെന്നാണ് വിവരം. കൊച്ചിയിലെ സി.പി.എം. മുതിര്‍ന്ന നേതാവും ജില്ലാ കമ്മിറ്റിയംഗവുമാണ് കെ.ജെ. ജോക്കബ്. മുന്‍ മുന്‍ എം.എല്‍.എ. ജോണ്‍ ഫെര്‍ണാണ്ടസിന് ബിസിനസ് പങ്കാളിത്തമുള്ള ഒരു സംരംഭമുണ്ടായിരുന്നു. ഈ സംരംഭത്തിനെതിരേ ചില ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കെ.ജെ. ജേക്കബ് പരാതി നല്‍കാന്‍ പലരേയും നിര്‍ബന്ധിച്ചുവെന്നാണ് പാര്‍ട്ടി കണ്ടെത്തിയിരിക്കുന്നത്. കൂടാതെ ജോണ്‍ ഫെര്‍ണാണ്ടസിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം നടത്തിയെന്നും പാര്‍ട്ടിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

കെ.ജെ. ജേക്കബിനെതിരേ ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് ഒരു കമ്മിറ്റി രൂപവത്കരിച്ചാണ് പാര്‍ട്ടി സംഭവത്തില്‍ അന്വേഷണം നടത്തിയത്. അതിനുശേഷം കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടില്‍ കെ.ജെ. ജേക്കബിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇപ്പോള്‍ വിശദീകരണം തേടിയിരിക്കുന്നത്. അതേസമയം കെ.ജെ. ജേക്കബിന്റെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ പാര്‍ട്ടി കടുത്ത നടപടിയിലേക്ക് പോകുമെന്നാണ് വിവരം.

Tags:    

Similar News