'സംഘിപ്പട്ടം' തന്നുവെന്ന് ജിതിൻ; 'സംഘി അളിയാ' എന്ന് വിളിക്കരുതെന്ന് മനാഫ്; അർജുന്റെ കുടുംബവും ലോറി ഉടമയും തമ്മിലുള്ള തർക്കം തീർന്നു

Update: 2024-10-06 05:59 GMT

തനിക്ക് എല്ലാവരും ചേർന്ന് സംഘിപ്പട്ടം തന്നുവെന്നും എന്നാൽ താൻ ഒരിക്കലും ഒരു വർഗീയവാദിയല്ലെന്നും ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച കണ്ണാടിക്കൽ സ്വദേശി അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ. ലോറി ഉടമ മനാഫിൻറെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ജിതിൻറെ പ്രതികരണം.

സാധാരണക്കാരിൽ സാധാരണക്കാരനായ ആളാണ് ഞാൻ. പത്രസമ്മേളനത്തിൽ എല്ലാ കാര്യവും പറയാൻ സാധിച്ചില്ല. ഉദ്ദേശിച്ച കാര്യം പറയാൻ സാധിച്ചില്ല. ചോദ്യങ്ങൾ വന്നപ്പോൾ വിഷയങ്ങൾ പലതും മാറിപ്പോയി. പറയാൻ ഉദ്ദേശിച്ച കാര്യങ്ങളല്ല ജനങ്ങളിൽ എത്തിയത്. എല്ലാവരും ചേർന്ന് എനിക്ക് സംഘിപ്പട്ടം തന്നു. ഞാൻ വർഗീയവാദിയല്ല. എന്തിനും വിവാദം ഉണ്ടാക്കാനാണ് പലരും ശ്രമിച്ചതെന്നും ജിതിൻ പറഞ്ഞു.

എന്നാൽ ഞങ്ങൾ ഒരു കുടുംബമാണെന്നും ഇവരെ സംഘി അളിയാ എന്ന് വിളിക്കരുതെന്നും മാനാഫ് ആവശ്യപ്പെട്ടു. അർജുൻറെ അളിയനും അനിയനും എൻറെ കുടുംബമാണെന്നും തൻറെ ഭാഗത്ത് നിന്ന് എന്ത് എന്തെലും തെറ്റുണ്ടായാട്ടുണ്ടങ്കിൽ മാപ്പ് ചോദിക്കുന്നതായും മനാഫ് പറയുന്നു.

അർജുന്റെ കുടുംബവും ലോറിയുടമ മനാഫും കൂടിക്കാഴ്ച നടത്തി പരസ്പരമുണ്ടായിരുന്ന തെറ്റിദ്ധാരണകളെല്ലാം പറഞ്ഞവസാനിപ്പിച്ചിരുന്നു. ഇരു കുടുംബാംഗങ്ങളേയും ഒന്നിച്ചിരുത്തി നടത്തിയ മധ്യസ്ഥ ചർച്ചയെതുടർന്നാണ് പ്രശ്നം രമ്യമായി പരിഹരിച്ചത്. കണ്ണാടിക്കലിലെ ഒരു വീട്ടിൽവെച്ചായിരുന്നു കൂടിക്കാഴ്ച. അർജുന്റെ സഹോദരി അഞ്ജു, സഹോദരീ ഭർത്താവ് ജിതിൻ, സഹോദരൻ അഭിജിത് എന്നിവരാണുണ്ടായിരുന്നത്. മനാഫിനൊപ്പം കുടുംബാംഗങ്ങളായ മുബീൻ, അൽഫ് നിഷാം, അബ്ദുൾ വാലി, സാജിദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Tags:    

Similar News