വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള ക്യാമ്പയിനുമായി രംഗത്തെത്തിയിരിക്കുകയാണ് തൃശ്ശൂർ അതിരൂപത. ഇത് സംബന്ധിച്ച് സെപ്റ്റംബർ 10,17 തീയതികളിൽ എല്ലാ ഇടവകകളിലും ബോധവത്കരണ ഏകദിന ക്യാമ്പുകൾ സംഘടിപ്പിക്കും. ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിന്റെ സർക്കുലർ ആണ് ഇടവകകളിൽ വായിച്ചത്. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് സഭ വിശ്വാസികളുടെ വോട്ടവകാശം ഉറപ്പാക്കുന്ന തരത്തിലാണ് അതിരൂപതയുടെ ക്യാമ്പയിൻ.
ഇതിന്റെ ആരംഭ ഘട്ടമെന്ന നിലയിൽ ആണ് പള്ളികളിൽ സെർക്കുലർ വായിച്ചത്.സെപ്റ്റംബർ 10 മുതൽ 17 വരെ എല്ലാ ഇടവകകളിലും പ്രത്യേക ഏകദിന ക്യാമ്പയിനും സംഘടിപ്പിക്കും.നിലവിൽ വോട്ടർ പട്ടികയിൽ പേരില്ലാത്തതും പേര് ചേർക്കേണ്ടതുമായ എല്ലാവരും ഈ ക്യാമ്പയിൻ പ്രയോജനപെടുത്തണം എന്നാണ് അതിരൂപതയുടെ നിർദേശം. ഇതിനായി പ്രത്യേക രാഷ്ട്രീയ കാര്യ സമിതിയാണ് ക്യാമ്പയിനുകൾ സംഘടിപ്പിക്കുക.2024 ലെ ആദ്യ മാസങ്ങളിൽ നടക്കുന്ന ലോകസഭ പൊതു തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് ക്യാമ്പയിൻ ശക്തമാക്കാനുള്ള അതിരൂപത തീരുമാനം.