ഹാഷിമും അനുജയും തമ്മിൽ ഒരു വർഷത്തെ പരിചയം; ലോറി ഡ്രൈവറെ കേസിൽ നിന്നും ഒഴിവാക്കി
പത്തനംതിട്ടയിൽ അപകടത്തിൽ അന്യ സംസ്ഥാനക്കാരനായ ലോറി ഡ്രൈവറെ കേസിൽ നിന്നും ഒഴിവാക്കി. മന:പൂർവമല്ലാത്ത നരഹത്യ ഒഴിവാക്കിയാണ് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയത്. കാർ ലോറിയിലേക്ക് മന:പൂർവം ഇടിച്ചുകയറ്റിയതാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതുപ്രകാരമാണ് നടപടി. ലോറി ഡ്രൈവറെ വിട്ടയച്ചു. കൂടാതെ വാഹനവും വിട്ടുകൊടുത്തു.
അപകടത്തിൽ മരിച്ച അധ്യാപിക അനുജ രവീന്ദ്രന്റെയും ബസ് ഡ്രൈവർ ഹാഷിമിന്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കും. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. അനുജയും ഹാഷിമും തമ്മിൽ ഒരു വർഷത്തെ പരിചയമുണ്ടെന്നാണ് വിവരം. ഇരുവരും തമ്മിൽ ചാറ്റ് ചെയ്യാറുണ്ട്. ഇവരുടെ ഫോൺ സൈബർ സെൽ പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തൽ.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ അപകടത്തിലാണ് അനുജയും ഹാഷിമും മരിച്ചത്. അമിത വേഗത്തിൽ തെറ്റായ ദിശയിലൂടെ പോയ കാർ അടൂരിൽനിന്ന് പത്തനാപുരം ഭാഗത്തേക്കു പോയ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇരുവരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. സ്കൂളിൽ നിന്ന് വിനോദയാത്രപോയി തിരികെ വരുമ്പോഴാണ് അനുജയെ ഹാഷിം കാറിൽ കയറ്റിയത്. ബസിന് മുന്നിൽ കയറ്റി നിറുത്തിയ കാറിൽ നിന്നിറങ്ങിയ ഹാഷിം വിളിച്ചപ്പോൾ സഹോദരൻ വിഷ്ണു ആണെന്നുപറഞ്ഞാണ് അനുജ കാറിൽ ഒപ്പം കയറിയത്.