വയോധികയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി; അനുവിനെ കൊന്ന മുജീബിന്റെ ക്രൂരതകൾ പുറത്ത്
പേരാമ്പ്രയിൽ അനുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ള പ്രതി മുജീബ് റഹ്‌മാൻ മുമ്പും ഒട്ടനവധി ക്രിമിനൽ കേസുകളിലെ പ്രതി. ഇയാൾ മുത്തേരി ബലാത്സംഗക്കേസിലെ ഒന്നാം പ്രതിയാണ്. മുത്തേരി കേസും അനുവിന്റെ കൊലപാതകവും തമ്മിൽ സമാനതകളുള്ളതിനാലാണ് അന്വേഷണം മുജീബിലേയ്ക്ക് എത്തിയത്. 2022 സെപ്തംബറിലാണ് മുത്തേരി ബലാത്സംഗം നടന്നത്. ജോലിക്ക് പോകുകയായിരുന്ന വയോധികയെ മോഷ്ടിച്ച ഓട്ടോയിൽ കയറ്റി കൈകാലുകൾ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് ആഭരണങ്ങൾ കവരുകയായിരുന്നു. ഇതിന് പുറമേ നിരവധി കേസുകളും മുജീബിന്റെ പേരിലുണ്ട്.
വിവിധ ജില്ലകളിലെ ഉൾപ്രദേശങ്ങളിലൂടെ വാഹനങ്ങളിൽ കറങ്ങി പിടിച്ചുപറി, വാഹന മോഷണം എന്നിവ നടത്തുകയാണ് മുജീബിന്റെ രീതി. വാഹന മോഷ്ടാവ് വീരപ്പൻ റഹീമിന്റെ സഹായിയാണ്.അനുവിന്റെ കൊലപാതകം നടത്തിയ റോഡിലൂടെ സംഭവദിവസം മുജീബ് പലതവണ കടന്നുപോയിട്ടുണ്ട്. മോഷണമോ പിടിച്ചുപറിയോ നടത്താനായിരിക്കണം ആളില്ലാത്ത ഇടറോഡ് ഇയാൾ തിരഞ്ഞെടുത്തതെന്നാണ് കരുതപ്പെടുന്നത്. മട്ടന്നൂരിൽ നിന്നും പേരാമ്പ്ര വഴി മലപ്പുറത്തേക്ക് മോഷ്ടിച്ച ബൈക്കിലെത്തിയ പ്രതി ഇടറോഡിലേക്ക് കയറി. വലിയ വാഹനങ്ങൾ പോകാത്ത മുളിയങ്ങൾ - വാളൂർ അമ്പലം റോഡിലൂടെ മൂന്ന് തവണ ഇയാൾ കറങ്ങി. രാവിലെ ഒമ്പത് മണിക്ക് ശേഷമാണ് ഇയാൾ ഇവിടേക്കെത്തിയത്. ഇതിനിടെയാണ് ധൃതിയിൽ നടന്നുവരുന്ന അനുവിനെ കണ്ടത്. അനുവിനെ ബൈക്കിൽ കയറ്റാനും കൃത്യം നടത്താനും ആഭരണങ്ങൾ കവർന്ന് രക്ഷപ്പെടാനുമായി വെറും പത്ത് മിനിട്ട് സമയം മാത്രമാണ് പ്രതി എടുത്തത്. ഇതിലൂടെ പ്രതി എത്രമാത്രം അപകടകാരിയാണെന്ന് മനസിലാകും.
കൃത്യത്തിന് ശേഷം ഹെൽമറ്റ് ധരിച്ച് പത്ത് മണിയോടെ ഉള്ളിയേരി ഭാഗത്തേക്ക് തിരിച്ചു. എടവണ്ണപ്പാറയിൽ എത്തുന്നതിനിടെ ഒരിക്കൽപ്പോലും മുജീബ് ഹെൽമറ്റ് ഊരിയിട്ടില്ല.ഒറ്റയ്ക്ക് കുറ്റകൃത്യം നടത്തുന്ന ശീലമുള്ള പ്രതി ഇക്കഴിഞ്ഞ ജനുവരിയിലാണ് ജയിലിൽ നിന്നിറങ്ങിയത്. ഈ രീതിയും സിസിടിവി ദൃശ്യങ്ങളും മലപ്പുറത്ത് എത്തിയപ്പോൾ മൊബൈൽ ഫോൺ ഓണാക്കിയതുമാണ് പ്രതിയിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചത്. നൂറോളം സിസിടിവി ദൃശ്യങ്ങളാണ് അനുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മാത്രം പൊലീസ് പരിശോധിച്ചത്. പ്രതി സമാനമായ കൂടുതൽ കുറ്റകൃത്യങ്ങൾ നടത്തിയോ എന്ന് അന്വേഷിച്ചുവരികയാണ്.