എം ശിവശങ്കറിന് ചികിത്സാചെലവ് അനുവദിച്ച് സർക്കാർ; മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷയിലാണ് ഉത്തരവ്

Update: 2024-07-16 01:27 GMT

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ചികിത്സാ ചെലവ് ഇനത്തിൽ 2,35,967 രൂപ സർക്കാർ അനുവദിച്ചു. ലൈഫ് മിഷൻ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം നടത്തിയ ചികിത്സയ്ക്കാണ് തുക. കഴിഞ്ഞ വർഷം ആഗസ്റ്റ് 13 മുതൽ 17 വരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ചികിത്സയ്ക്കാണ് തുക അനുവദിച്ചത്. നിലവിൽ ശിവശങ്കർ സുപ്രീം കോടതിയുടെ ജാമ്യത്തിലാണ്. ശിവശങ്കർ മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷയിലാണ് ഉത്തരവ്.

ആരോഗ്യ കാരണങ്ങൾ കണക്കിലെടുത്താണ് എം ശിവശങ്കറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. നേരത്തെ നൽകിയ ഇടക്കാല ജാമ്യം കോടതി സ്ഥിരമാക്കുകയായിരുന്നു. കേസിൽ സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ച ശിവശങ്കർ കഴിഞ്ഞ വർഷം ആ​ഗസ്റ്റിലാണ് കാക്കനാട് ജില്ലാ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. ഇഡി രജിസ്റ്റർ ചെയ്ത ലൈഫ് മിഷൻ കോഴ കേസിൽ ഒന്നാം പ്രതിയായ എം ശിവശങ്കർ 2023 ഫെബ്രുവരി 14 മുതൽ റിമാൻഡിലായിരുന്നു. പിന്നീട് ആ​ഗസ്റ്റിലാണ് ജയിൽ മോചിതനാവുന്നത്. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചായിരുന്നു അന്ന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.

കസ്റ്റഡിയിൽ ശസ്ത്രക്രിയ നടത്താം എന്ന ഇഡിയുടെ വാദം കോടതി തള്ളുകയായിരുന്നു. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന് നിർദ്ദേശിച്ച് എറണാകുളം മെഡിക്കൽ കോളേജിലെ വിദഗ്ധർ നൽകിയ റിപ്പോർട്ടും എം ശിവശങ്കർ ഹാജരാക്കിയിരുന്നു. സാക്ഷികളെ കാണുകയോ സ്വാധീനിക്കുകയോ ചെയ്യരുതെന്ന കർശന ഉപാധിയോടെയായിരുന്നു ജാമ്യം. 

Tags:    

Similar News