കണ്ണൂര്‍ ഉളിക്കല്‍ ടൗണില്‍ ഇറങ്ങിയ കാട്ടാനയെ കാട്ടിലേക്ക് തുരത്താന്‍ നടപടി സ്വീകരിച്ചു വരികയാണെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

Update: 2023-10-11 08:31 GMT

കണ്ണൂര്‍ ഉളിക്കല്‍ ടൗണില്‍ ഇറങ്ങിയ കാട്ടാനയെ ജനവാസ മേഖലയില്‍ നിന്നും കാട്ടിലേക്ക് തുരത്തുന്നതിനാവശ്യമാേമയ നടപടികൾ വനം വകുപ്പ് സ്വീകരിച്ചു വരികയാണെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. ജനങ്ങളുടെ ആശങ്ക അകറ്റാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിലുള്ള നടപടികളാണ് സ്വീകരിക്കുകയെന്നും മന്ത്രിയുടെ ഓഫീസിൽ നിന്നിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. കൂടാതെ ഇതിന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.

ആനയെ അവിടെ നിന്നും തുരത്തുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് തടസ്സമാകുന്ന തരത്തിൽ ജനക്കൂട്ടം ഉണ്ടാവരുത്. കാരണം ആളുകള്‍ കൂടുന്നത് ഈ ഓപ്പറേഷന്‍ നടത്തുന്നതിന് പ്രയാസം ഉണ്ടാക്കുന്നതിനും ആന പ്രകോപിതനാകാനും ഇടവരുത്തും. ആനയെ തുരത്താനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും, എന്നാൽ പിടികൂടാൻ സാധ്യമല്ലാതെ വന്നാൽ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം മയക്കുവെടി വെച്ച് പിടികൂടുന്ന കാര്യത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കണ്ണൂര്‍ ജില്ലയിലെ മലയോര ഹൈവയോട് ചേര്‍ന്നുള്ള ഉളിക്കല്‍ ടൗണിന് സമീപം ഇന്നലെ രാത്രിയോടെയാണ് കാട്ടാനയിറങ്ങിയത്. നിലവിൽ ഉളിക്കല്‍ ടൗണിനോട് ചേര്‍ന്നുള്ള മാര്‍ക്കറ്റിന് പിന്‍ഭാഗത്തായാണ് കാട്ടാന നിലയുറപ്പിച്ചിട്ടുള്ളത്. വനാതിര്‍ത്തിയില്‍നിന്ന് പത്തുകിലോമീറ്റര്‍ അകലെയുള്ള സ്ഥലത്താണ് കാട്ടാനയെത്തിയത്. അതിനാല്‍ തന്നെ കാട്ടാനയെ പെട്ടെന്ന് വനത്തിലേക്ക് തുരത്തുക എന്നത് വെല്ലുവിളി തന്നെയാണ്. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്. കൂടാതെ സ്ഥലത്തുനിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള നടപടി അധികൃതര്‍ സ്വീകരിച്ചുവരുകയാണ്. 

Tags:    

Similar News