ഭാര്യയെ കാണാതെ രാജേഷ് യാത്രയായി; എയർ ഇന്ത്യയ്ക്കെതിരെ കേസ് കൊടുക്കുമെന്ന് കുടുംബം

Update: 2024-05-14 06:49 GMT

എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ അപ്രതീക്ഷിത സമരം കാരണം തന്റെ ഭർത്താവിനെ അവസാനമായി ഒരുനോക്ക് കാണാനാകാതെ യുവതി. തിരുവനന്തപുരം സ്വദേശിയായ അമൃതയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. വിമാന സർവീസുകൾ റദ്ദാക്കപ്പെട്ടതോടെ ഒമാനിൽ ഗുരുതരാവസ്ഥയിൽ ഐസിയുവിലായിരുന്ന ഭർത്താവിനെ കാണാൻ പോകാൻ അമൃതയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇന്നലെ അമൃതയുടെ ഭർത്താവ് നമ്പി രാജേഷ് മരിച്ചു.

മസ്‌കറ്റിൽ ഐടി മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു നമ്പി രാജേഷ്. കഴിഞ്ഞ ഏഴാം തീയതിയാണ് രാജേഷിനെ ഹൃദയാഘാതം മൂലം ഒമാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യയെ കാണണമെന്ന് അന്നുതന്നെ രാജേഷ് പറഞ്ഞിരുന്നു. ഇതനുസരിച്ച് എട്ടാം തീയതിതന്നെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ടിക്കറ്റെടുത്തു. എന്നാൽ, ജീവനക്കാരുടെ പണിമുടക്ക് കാരണം അന്ന് പോകാനായില്ല. ഒമ്പതാം തീയതി പോകാമെന്ന് അറിയിച്ചെങ്കിലും അന്നും വിമാനമില്ലാതിരുന്നതിനാൽ പോകാനായില്ല. പിന്നീട് ഫ്‌ലൈറ്റുകളൊന്നും ലഭ്യമായിരുന്നില്ല. ഇന്നലെ രാജേഷിന്റെ അവസ്ഥ വഷളാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

പണിമുടക്കിൽ പ്രതിസന്ധിയിലായ യാത്രക്കാരുടെ കൂട്ടത്തിലുള്ള അമൃതയുടെ വീഡിയോ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. എങ്ങനെയെങ്കിലും പോയേ പറ്റൂ എന്നാണ് നിസഹായയായ അമൃത അന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. വിമാനത്താവളത്തിൽ നിന്ന് കമ്പനി പ്രതിനിധികളോട് ഒരുപാട് അപേക്ഷിച്ചുവെന്നാണ് അമൃതയുടെ അമ്മ പറഞ്ഞത്. എന്നിട്ടും ആരും സഹായിച്ചില്ലെന്നും ഇവർ നിറകണ്ണുകളോടെ പറഞ്ഞു. ഇന്ന് രാത്രി രാജേഷിന്റെ മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് വിവരം. നാളെ സംസ്‌കാരം നടത്താനാണ് തീരുമാനം. ഈ അവസ്ഥയ്ക്ക് എയർ ഇന്ത്യ എക്സ്പ്രസ് കമ്പനിയാണ് ഉത്തരവാദികളെന്നും അതിനാൽ കമ്പനിക്കെതിരെ കേസ് കൊടുക്കുമെന്നും അമൃതയുടെ കുടുംബം അറിയിച്ചു.

Tags:    

Similar News