വിമാനത്തിലെ ബോംബ് ഭീഷണി കണ്ടത് ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ; 135 യാത്രക്കാരെയും ചോദ്യം ചെയ്യും

Update: 2024-08-22 06:40 GMT

എയർ ഇന്ത്യ വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം കണ്ടത് ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ. ഇതേത്തുടർന്നാണ് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിൽ വിവരം അറിയിച്ചത്. സംഭവത്തിന്റെ അന്വേഷണം പൊലീസ് ഏറ്റെടുത്തു.

വ്യാജ സന്ദേശമാണെന്നാണ് നിലവിലെ നിഗമനം. യാത്രക്കാരിൽ ആരെങ്കിലുമാണോ സന്ദേശം എഴുതിയതെന്നാണ് സംശയം. ഇതോടെ 135 യാത്രക്കാരെയും ചോദ്യം ചെയ്യാനാണ് നീക്കം. ചോദ്യം ചെയ്യലിനുശേഷം മാത്രമേ ഇവരുടെ ലഗേജുൾപ്പടെ വിട്ടുനൽകൂ. ഇതുവരെയുള്ള പരിശോധനയിൽ ബോംബ് കണ്ടെത്താനായില്ല. തിരുവനന്തപുരത്തുനിന്നും മുംബൈയിലേക്ക് പോകേണ്ടവർക്ക് പകരം വിമാനം ഏർപ്പെടുത്തി.

ഇന്നു രാവിലെ എട്ടു മണിക്കാണ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയത്. മുംബൈയിൽ നിന്നും വ്യാഴാഴ്ച പുലർച്ചെ 5.45നാണ് വിമാനം പുറപ്പെട്ടത്. 8.10നായിരുന്നു വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ 10 മിനിറ്റ് നേരത്തേ ലാൻഡിങ് നടത്തുകയായിരുന്നു.

Tags:    

Similar News