കടുത്ത പനിയും ശ്വാസ കോശ അണുബാധയും , നടൻ മോഹൻലാൽ ചികിത്സ തേടി ; നടൻ വീട്ടിൽ പൂർണ വിശ്രമത്തിൽ

Update: 2024-08-18 11:45 GMT

കടുത്ത പനിയും ശ്വാസകോശ അണു ബാധയും മൂലം നടൻ മോഹൻലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പനി, ശ്വാസ തടസ്സം എന്നിവ അനുഭവപ്പെട്ടപ്പോഴാണ് ലാൽ ആശുപത്രിയിൽ എത്തിയത്. കൊച്ചിയിലെ അമൃത ആശുപത്രിയിൽ പരിശോധന നടത്തിയപ്പോൾ ശ്വാസകോശ അണുബാധ കണ്ടെത്തി. ആശുപത്രിയിൽ പരിശോധനകൾക്ക് ശേഷം അദ്ദേഹത്തെ ഡോക്ടർമാർ വീട്ടിലേക്ക് വിട്ടു. നടൻ വീട്ടിൽ പൂർണ വിശ്രമത്തിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

അഞ്ച് ദിവസത്തെ വിശ്രമമാണ് ഡോക്ടർമാർ മോഹൻ ലാലിന് നിർദ്ദേശിച്ചിരിക്കുന്നത്. "64 വയസുള്ള മോഹൻലാലിനെ ഞാൻ പരിശോധിച്ചു. അദ്ദേഹത്തിന് കടുത്ത പനിയും, ശ്വാസ തടസ്സവും, പേശീവേദനയും ഉണ്ട്. അദ്ദേഹത്തിന് ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്ന് സംശയമുണ്ട്. അതിനാൽ 5 ദിവസം പൂർണ വിശ്രമവും തിരക്കുള്ള സ്ഥലങ്ങളിൽ സന്ദർശനം നടത്തരുതെന്നും നിർദ്ദേശിക്കുന്നു," മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു.

തിരക്കുള്ള സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. മോഹൻലാൽ സുഖം പ്രാപിച്ച് വരുന്നതായി അമൃതയുടെ മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചു.

തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ നിർമ്മാണ തിരക്കുകളിലായിരുന്നു മോഹൻലാൽ. ആദ്യം സെപ്തംബർ 12ന് സിനിമ റിലീസ് ചെയ്യാനായിരുന്നു അണിയറപ്രവര്‍ത്തകർ ആലോചിച്ചത്.എന്നാൽ മറ്റുചില പ്രശ്നങ്ങൾ ഉയർന്നതോടെ റിലീസ് മാറ്റുകയായിരുന്നു. ഒക്ടോബർ 3നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

‘തന്റെ രഹസ്യങ്ങൾ വെളിപ്പെടുത്താൻ ബറോസ് എത്തുന്നു, 2024 ഒക്ടോബർ 3ന്. തീയതി കലണ്ടറുകളിൽ അടയാളപ്പെടുത്തുക’ എന്ന് അടിക്കുറിപ്പോടെയാണ് താരം ഫേസ്ബുക്കിൽ വിവരം പങ്കുവച്ചിരിക്കുന്നത്.

അതേസമയം സോഷ്യൽ മീഡിയയിൽ മോഹൻലാലിനു വേണ്ടി ആരാധകർ പ്രാർത്ഥനകളുമായി എത്തിയിട്ടുണ്ട്. എത്രയും വേഗം സുഖം പ്രാപിക്കട്ടേയെന്ന് ആരാധകർ പറയുന്നു .

Tags:    

Similar News